കൊട്ടാരക്കര ചന്തയില്‍ വന്‍ തീപിടിത്തം; 17 കടകള്‍ കത്തിനശിച്ചു
കൊട്ടാരക്കര: മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പതിനേഴ് കടകള്‍ പൂര്‍ണമായും പത്തിലധികം കടകള്‍ ഭാഗികമായും കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. മുഹമ്മദ് ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള തുണിക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
റെഫീക്കിന്റെ തുണിക്കട, ഹാഷിം, ഷാജഹാന്‍ എന്നിവരുടെ പാത്രക്കടകള്‍, നൗഷാദിന്റെ വെറ്റിലക്കട, ഷക്കീറിന്റെ പച്ചക്കറി കട, വാഹിദിന്റെ നാരങ്ങാക്കട, അബ്ദുല്‍ ഷെഫീക്കിന്റെ പച്ചക്കറി കട, സനലിന്റെ പച്ചക്കറി കട, നൗഷദ്, മുരുകന്‍ എന്നിവരുടെ നാരങ്ങാക്കട, അനീഷിന്റെ തുണിക്കട, സുശീലയുടെ ഉണക്കമീന്‍കട, രാധാകൃഷ്ണന്റെ മണ്‍പാത്രക്കട, സലാമിന്റെ പാത്രക്കട, ഇര്‍ഷാദിന്റെ പലവ്യഞ്ജനക്കട, കരീമിന്റെ ഉണക്കമീന്‍ കടന്ന എന്നിവയാണ് പൂര്‍ണമായും കത്തിനശിച്ചത്. ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. ഒരു വര്‍ഷം മുന്‍പ് വയറിങ് സാമഗ്രികള്‍ നവീകരിച്ചതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ലെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. കത്തിച്ചതാണെന്ന നഗമനത്തിലാണ് പൊലിസ് അന്വേഷണം നടക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് തീപിടിത്തം ഉണ്ടാകുന്നത്. 62 സ്റ്റാളുകളാണ് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഭൂരിപക്ഷവും കത്തിനശിച്ചു. ശേഷിക്കുന്നവയിലെ വ്യാപാര സാധനങ്ങളെല്ലാം ഉപയോഗശൂന്യമായിരിക്കുകയാണ്. ഓട്ടോ തൊഴിലാളികളാണ് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഇവര്‍ പൊലിസില്‍ വിവരം അറിയിച്ചു. കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഇന്നലെ രാവിലെ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ തെളിവെടുത്തു. ചന്തയ്ക്ക് ചുറ്റുമുള്ള സി.സി ടി.വി ദൃശ്യങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്. കൊട്ടാരക്കര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തഹസില്‍ദാര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിടെ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയോരത്തെ ചന്തയിലുണ്ടായ തീപിടിത്തം പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതുമൂലം വന്‍ വിപത്താണ് ഒഴിവായത്. തീപിടിത്തത്തിന്റെ കാരണം ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി വ്യാപാരികളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്നോക്ക വികസ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, കൊടിക്കുന്നില്‍ സുരേഷ് എം.പി, അയിഷാ പോറ്റി എം.എല്‍.എ, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."