ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്ക്കുമിടയിലെ അദൃശ്യമതില്‍- പൗരത്വപ്പട്ടിക വിമര്‍ശനത്തില്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് ശിവസേന; നീക്കം വോട്ടുബാങ്ക് ലക്ഷ്യമിട്ടെന്നും
ന്യൂഡല്‍ഹി: പൗരത്വപ്പട്ടിക ഭേദഗതി ബില്ലിനെതിരെ ശിവസേന. ബില്ലിലൂടെ രാജ്യത്ത് ഹിന്ദുക്കളേയും മുസ്ലിങ്ങളേയും അദൃശ്യമായി വിഭജിക്കുകയാണ് കേന്ദ്രമെന്ന് ശിവസേന കുറ്റപ്പെടുത്തി. പൗരത്വബില്ലില്‍ ഭേദഗതി നിര്‍ദ്ദേശിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേനയുടെ ആക്രമണം.
പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാട് എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബില്‍ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചാണോയെന്നും ചോദ്യമുയര്‍ത്തുന്നുണ്ട്. ഹിന്ദു കുടിയേറ്റക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള തീരുമാനം രാജ്യത്ത് ഒരു മതയുദ്ധത്തിന് വഴിയൊരുക്കുമോയെന്നും ശിവസേന ചോദിക്കുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് ക്ഷാമമില്ല. എന്നിട്ടും നിങ്ങള്‍ പൗരത്വ ഭേഗതി ബില്‍ പോലുള്ള പുതിയ പ്രശ്നങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്നും സാമ്ന എഡിറ്റോറിയലില്‍ വ്യക്തമാക്കി.
അതേസമയം, ഹിന്ദുക്കളെ പീഡിപ്പിച്ച പാക്കിസ്താന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രിയോട് ശിവസേന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."