പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാകുന്നു
നെടുമങ്ങാട്: അനേകായിരം കുരുന്നുകള്‍ക്കു അക്ഷരവെളിച്ചമേകി, അര നൂറ്റാണ്ടു പിന്നിട്ട പൂവച്ചല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാകും.
ഇത് സംബന്ധിച്ച ആലോചന യോഗം കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്നലെ സ്‌കൂളില്‍ ചേര്‍ന്നു.
സര്‍ക്കാരിന്റെ പദ്ധതിയായ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കല്‍ പദ്ധതി പ്രകാരം അരുവിക്കര മണ്ഡലത്തില്‍ നിന്നും ആദ്യഘട്ടം എം.എല്‍.എ തെരെഞ്ഞെടുത്തത് പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയാണ്.
സ്‌കൂളിന്റെ അന്‍പതാം വാര്‍ഷികാഘോഷ ചടങ്ങില്‍, വിദ്യാഭ്യാസ മന്ത്രിയുടെ കൂടി സാന്നിധ്യത്തിലാണ് എം.എല്‍.എ സ്‌കൂളിനെ തെരെഞ്ഞെടുത്ത വിവരം അറിയിച്ചത്.
ഇതിന്റെ ആദ്യ പടിയായാണ് സ്‌കൂളിന്റെ വികസന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍,റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍,വ്യാപാരി വ്യവസായി പ്രതിനിധികള്‍ ഉള്‍പ്പെട്ട ആലോചന യോഗം ചേര്‍ന്നത്. സ്‌കൂളിന്റെ ഭാവി വികസനസാധ്യതകള്‍ ചര്‍ച്ച ചെയ്ത്, അവ ക്രോഡീകരിച്ചു സര്‍ക്കാരിന് വിശദമായ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
പദ്ധതി പ്രകാരം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി ലഭിക്കുന്നത്.ബാക്കി ആവശ്യമാകുന്ന തുക എം.എല്‍.എ ഫണ്ട് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ കണ്ടെത്തും.കൂടാതെ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം കണ്ടെത്തി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് എം.എല്‍.എ അറിയിച്ചു.
ഇതിന്റെ അടുത്ത ഘട്ടമായി വിദ്യാഭ്യാസ വിദഗ്ദ്ധരെ അടക്കം ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മികച്ച പഠന മുറികള്‍ ഒരുക്കും.
കൂടാതെ മികച്ച പഠനാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ഇതിനോടൊപ്പം ഉള്‍പ്പെടുത്തും.
ശബരീനാഥന്‍ എം.എല്‍.എയെ കൂടാതെ അന്‍സജിതാ റസല്‍, എസ്.എസ്. അജിതകുമാരി,പൂവച്ചല്‍ ഖാദര്‍, എന്‍.കൃഷ്ണന്‍കുട്ടി നായര്‍,മണികണ്ഠന്‍, ജി.ഒ.ഷാജി, സുധീര്‍, ജയന്തിദേവി, ബിന്ദു, സീമ സേവ്യര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി. ആര്‍. ഉദയകുമാര്‍, വി.ആര്‍. പ്രതാപന്‍,എല്‍. രാജേന്ദ്രന്‍,ശ്രീകുമാര്‍, ഷാജി, ലാല്‍, ജയന്‍,പൂവച്ചല്‍ ബൈജു, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രതിനിധി സലാഹുദീന്‍, വ്യാപാരി വ്യവസായി പ്രതിനിധി നസീര്‍,കാട്ടാക്കട ഗ്രേഡ് എസ്.ഐ മോഹനന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."