അതിജീവനത്തിന്റെ ഉണര്‍ത്തുപാട്ടായി സ്വാഗതഗാനം
ആലപ്പുഴ: മൂന്ന് ദിവസം മുന്‍പാണ് 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതഗാനം ആലപിക്കാനുള്ള തീരുമാനം വന്നത്. അധ്യാപകരായിരുന്നു ഇതുവരെ സ്വാഗതഗാനം പാടിയിരുന്നത്. ആര്‍ഭാടമില്ലാതെ നടക്കുന്ന കലോത്സവത്തിന് കുട്ടികള്‍തന്നെ സ്വാഗതമോതട്ടെ എന്നായി പുതിയ തീരുമാനം. തികച്ചും യാദൃച്ഛികമായാണ് പ്രളയ ദുരിതങ്ങള്‍ അനുഭവിച്ച കുട്ടികളെ സ്വാഗതഗാനം ആലപിക്കാന്‍ നിയോഗിച്ചത്.
അതിജീവനമീ ജീവിതം
അതിനതിരില്ലെന്നീ മാനസം
ചിറകുകളൊരുമയിലൊരേ സ്വരത്തില്‍
സൂര്യമുഖം തേടുന്നു ഞങ്ങള്‍
ഉയര്‍ത്തെണീറ്റു വരുന്നു...
ആലപ്പുഴ വാടയ്ക്കല്‍ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 32 വിദ്യാര്‍ഥികളും മൂന്ന് സംഗീത അധ്യാപകരും ചേര്‍ന്ന് സ്വാഗതമോതിയപ്പോള്‍ അത് പ്രളയാനന്തര കലോത്സവത്തിന്റെ ഉണര്‍ത്തു പാട്ടായി മാറി. ചുരുങ്ങിയ ദിവസം കൊണ്ട് അധ്യാപകനായ പുന്നപ്ര ജ്യോതികുമാറിന്റെ വരികള്‍ അര്‍ഥവും വ്യാപ്തിയും ഒക്കെ ഉള്‍ക്കൊണ്ട് കുട്ടികള്‍ മനഃപാഠമാക്കി. വീട് നഷ്ടപ്പെട്ടവരും നിരവധി ദിനം ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞവരും സ്വാഗമോതാന്‍ എത്തിയവരില്‍ ഉണ്ടായിരുന്നു. സ്വാഗത വല്ലകി മീട്ടിവരുന്നു, സുവര്‍ണസ്വാഗത മഞ്ജരി നീട്ടുകയായി... ഗാനം അവസാനിപ്പിക്കുമ്പോള്‍ പ്രളയത്തില്‍ മുങ്ങിയ 1400 പേരുടെ ദുരിതാശ്വാസ ക്യാംപായി മാറിയ വേദിയും കുഞ്ഞുപ്രതിഭകളുടെ കലാപ്രകടനത്തിനായി ഉണരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."