വെണ്ടക്കൃഷിയുമായി കായികാധ്യാപകന്‍
ആലത്തൂര്‍: ജോലികൊണ്ട് ഗിരിഷ് കുമാര്‍ കായികാധ്യാപകനാണ്. കായികാധ്യാപകനെന്നു പറയുമ്പോള്‍ ജെഴ്‌സിയണിഞ്ഞൊരു രൂപമാണ് ആരുടെയും മനസ്സില്‍ ഉണ്ടാകുക. കുനിശ്ശേരി മരുതൂര്‍കളം വീട്ടിലെത്തിയാല്‍ കൈലിമുണ്ടുടുത്ത് പച്ചക്കറി തോട്ടത്തില്‍ നില്‍ക്കുന്ന ഗിരിഷിനെയാണ് കാണാനാകുക. നാടന്‍ വെണ്ടകൃഷിയില്‍ ഒരു കൈ നോക്കി വിജയിച്ചതാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. കെല്ലങ്കോട് നെന്മേനി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അധ്യാപകനാണ് ഗിരീഷ് കുമാര്‍. സ്‌കൂളില്‍ കായികാധ്യാപകന്റെ ജെഴ്‌സി അഴിച്ചുവെച്ച് വീട്ടിലേക്ക് വന്നാല്‍ നേരേ കൃഷിയിടത്തേക്കാണ്.
കഴിഞ്ഞ വര്‍ഷം കുറച്ച് വെണ്ടയും മറ്റ് പച്ചക്കറികളും നട്ടിരുന്നു. വീട്ടാവശ്യത്തിമുള്ളതും കുറച്ച് വില്‍ക്കാനും കിട്ടി. ഇത്തവണ അതൊന്നു വിപുലീകരിച്ചു. വീട്ടുവളപ്പിലും സ്വന്തമായുള്ള ഒന്നരയേക്കര്‍ നെല്‍കൃഷിയ്ക്ക് സമീപത്തുമായി പതിനഞ്ച് സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി. രോഗ കീട ബാധ ഉണ്ടാകില്ലെന്നതും പ്രാദേശികമായി ആവശ്യക്കാരുണ്ടെന്നതും പരിഗണിച്ച് നാടന്‍ വെണ്ടയാണ് പ്രധാനമായും നട്ടത്.മെയ് മാസം തടമെടുത്ത് തൈ നട്ടുവളര്‍ത്തി. ഇപ്പോള്‍ വിളവെടുത്ത് തുടങ്ങി. ഒന്നിടവിട്ട ദിവസം ഏഴ് കിലോ കിട്ടും.കിലോഗ്രാമിന് 50 രൂപ നിരക്കില്‍ കുനിശ്ശേരിയിലെ പച്ചക്കറി കടയില്‍ കൊടുക്കും.
തക്കാളി, വഴുതിന, മുളക്, ചേന, ചേമ്പ്, കുമ്പളം, മത്തന്‍, പയര്‍, വെള്ളരി, ഇഞ്ചി, മഞ്ഞള്‍ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. വിളവെടുക്കാറായി വരുന്നതേയുള്ളൂ. കാലിവളം, മണ്ണിരവളം, കോഴിക്കാഷ്ടം എന്നിവയാണ് ഇട്ടുകൊടുക്കുക.
ജോലിക്ക് പോകുന്നതിനു മുമ്പും തിരിച്ചെത്തിയിട്ടും ഉള്ള സമയത്താണ് കൃഷിപ്പണികള്‍. കുടുംബാംഗങ്ങളും ഒപ്പം കൂടും. വീട്ടിലേക്ക് ആവശ്യമുള്ള വിഷം തീണ്ടാത്ത പച്ചക്കറി സ്വന്തമായി ഉല്‍പാദിപ്പിക്കുക. അധികം വരുന്ന ശുദ്ധമായ പച്ചക്കറി നാട്ടുകാര്‍ക്ക് ലഭ്യമാക്കുക എന്നുമാത്രമേ ഗിരീഷ് കുമാര്‍ ചിന്തിക്കുന്നുള്ളൂ. ഒപ്പം ജോലി കിട്ടിയാല്‍ പിന്നെ കൃഷിയും കൈക്കോട്ടുമൊന്നും പാടില്ലെന്ന ചിന്ത തിരുത്തിക്കാനുള്ള എളിയ പരിശ്രമവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."