ജി.സി.സി ഉച്ചകോടി നാളെ റിയാദില്‍; ഖത്തറിന്റെ സാന്നിധ്യം ഉറ്റുനോക്കി ലോകം
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) 39ാമത് ഉച്ചകോടിക്ക് നാളെ സഊദി നഗരിയായ റിയാദ് ആതിഥ്യമരുളും. 2017 ല്‍ നിലവില്‍ വന്ന ഖത്തര്‍ ഉപരോധത്തോടെ ചോദ്യചിഹ്നമായ ജി.സി.സിയുടെ ലോകം ഏറെ ഉറ്റുനോക്കുന്ന ഉച്ചകോടിയാണ് റിയാദില്‍ അരങ്ങേറുന്നത്. ഉപരോധം നിലനില്‍ക്കെ ഖത്തറിനെ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചതോടെ ഖത്തര്‍ പങ്കെടുക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി അരങ്ങേറുക.
എന്നാല്‍, ഉച്ചകോടിയില്‍ ഖത്തര്‍ ഭരണാധികാരി നേരിട്ട് പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാധാരണ രീതിയില്‍ ജി.സി.സി അംഗ രാജ്യങ്ങളിലെ ഭരണാധികാരികള്‍ നേരിട്ടാണ് പങ്കെടുക്കാറുള്ളത്. വളരെ അപൂര്‍വ സമയങ്ങളില്‍ മാത്രമേ പ്രതിനിധികളെ അയക്കാറുള്ളു. ഖത്തര്‍ സാന്നിധ്യത്തിലുപരി ഖത്തര്‍ അമീര്‍ പങ്കെടുക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അടക്കമുള്ള ഗള്‍ഫ് രാഷ്ട്ര നേതാക്കളെ 39ാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് ക്ഷണിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയത് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയാനി പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മില്‍ പ്രതിരോധ, സാമ്പത്തിക, രാഷ്ട്രീയ, നിയമ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും തീരുമാനങ്ങളും ഉച്ചകോടിയില്‍ ഉുണ്ടാവുമെന്നും സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി കൂട്ടിച്ചേര്‍ത്തു. നിലവിലെ രാഷ്ട്രീയ, ദേശീയ, അന്തര്‍ദേശീയ മേഖലയിലെ മുഖ്യവിഷയങ്ങള്‍ ചര്‍ച്ചയാകുമെന് സഊദി വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഖത്തര്‍ പ്രതിസന്ധിക്കിടെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നിലനില്‍ക്കണമെന്നാണ് സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ആഗ്രഹിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. എന്നാല്‍ അനുരഞ്ജനത്തിനുള്ള സാധ്യതകളെല്ലാം ഖത്തര്‍ ഇല്ലാതാക്കിയെന്നും ഖത്തറിലെ വിദേശ സൈനിക സാന്നിധ്യം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും ബഹ്‌റൈന്‍ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ഖലീഫ പറഞ്ഞു. ഉച്ചകോടിയില്‍ ഖത്തറിന്റെ പ്രാതിനിധ്യം തങ്ങള്‍ ഗൗനിക്കുന്നില്ല. ഖത്തര്‍ പങ്കെടുക്കുന്നതും പങ്കെടുക്കാതിരിക്കുന്നതും തങ്ങളെ സംബന്ധിച്ചിടത്തോളം സമമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക സഹകരണമാണ് അടുത്ത ഉച്ചകോടിയില്‍ വിശകലനം ചെയ്യുന്ന പ്രധാന വിഷയം. ഖത്തറുമായുള്ള തര്‍ക്കം അഗാധമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."