അവിടത്തെ കാറ്റാണ് കാറ്റ്...
കേപ് കനവറല്‍: ഭൂമിയിലെ കാറ്റിനെക്കുറിച്ചു മാത്രമല്ല, ഇനി ചൊവ്വയിലെ കാറ്റിനെക്കുറിച്ചും ചര്‍ച്ചയാകാം. ചൊവ്വയിലെ മാരുതന്റെ ശബ്ദവീചികള്‍ ആദ്യമായി ഒപ്പിയെടുത്തിരിക്കുകയാണ് നാസയുടെ ചൊവ്വ പേടകമായ 'ഇന്‍സൈറ്റ് ലാന്‍ഡര്‍'.
ഭൂമിയെ അപേക്ഷിച്ചു വളരെ പതുക്കെയാണ് ചൊവ്വയിലെ കാറ്റിന്റെ പ്രവാഹം. മണിക്കൂറില്‍ പത്തുമുതല്‍ 15 വരെ മൈല്‍ (ഏകദേശം 16 മുതല്‍ 24 വരെ കിലോമീറ്റര്‍) വേഗത്തിലാണ് അവിടെ കാറ്റ് വീശുന്നത്. ചൊവ്വയിലിറങ്ങി പര്യവേക്ഷണം തുടങ്ങി ആദ്യവാരത്തിലാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ കാറ്റിന്റെ ശബ്ദം പകര്‍ത്തിയത്.
തെക്കുകിഴക്കു ഭാഗത്തുനിന്നു വടക്കുകിഴക്കു ഭാഗത്തേക്കു സഞ്ചരിച്ച കാറ്റ് ലാന്‍ഡറിനകത്തെ എയര്‍പ്രഷര്‍ സെന്‍സറും ഡെക്കിലുള്ള സീസ്‌മോമീറ്ററും ചേര്‍ന്നാണ് ഒപ്പിയെടുത്തത്. 15 മിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദരേഖ നാസ ഇന്‍സൈറ്റിന്റെ ഔദ്യോഗിക അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്.
ഒരു പാരത്രിക ലോകത്തിന്റെ ഗുണങ്ങളെല്ലാം ചൊവ്വാ കാറ്റിലടങ്ങിയിട്ടുണ്ടെന്നു പദ്ധതിയുടെ ഭാഗമായ ശാസ്ത്രസംഘം നിരീക്ഷിച്ചു. ചൊവ്വയില്‍ ലാന്‍ഡറിലിരിക്കുന്ന അനുഭവമാണ് ശബ്ദരേഖ കേട്ടപ്പോള്‍ ഉണ്ടായതെന്ന് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോണ്‍ ബാന്‍ഫീല്‍ഡ് പറഞ്ഞു.
നവംബര്‍ 26നാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയിലിറങ്ങിയത്. ചൊവ്വാ ഉപരിതലത്തിലെ ഇനിയും കണ്ടെത്തപ്പെടാത്ത രഹസ്യങ്ങള്‍ കണ്ടെടുക്കുകയാണ് നാസയുടെ പേടകത്തിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."