ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം 2018 എന്‍.എസ്.മാധവന്
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 2018 ലെ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കഥാകൃത്ത് ശ്രീ.എന്‍.എസ്.മാധവന്‍ അര്‍ഹനായി.എം മുകുന്ദന്‍ ചെയര്‍മാനും പ്രൊഫ.കെ.എസ് രവികുമാര്‍ , പി.വി.രാധാകൃഷ്ണ പിള്ള എന്നിവര്‍ അംഗങ്ങളുമായ ജൂറിപാനലാണ് പുരസ്‌കാരം നിര്‍ണയിച്ചത്. അഞ്ച് പതിറ്റാണ്ടായി മലയാള ചെറുകഥാ രംഗത്ത് സജീവ സാന്നിധ്യമാണ് എന്‍.എസ് മാധവന്‍.
സൂക്ഷ്മമായ രാഷ്ട്രീയ ജാഗ്രതയും നിശിതമായ ജീവിത വിമര്‍ശനവും ആഴത്തിലുള്ള മനുഷ്യഹൃദയ ജ്ഞാനവും എന്‍.എസ്.മാധവന്റെ ചെറുകഥകളെ വ്യത്യസ്തമാക്കുന്നതായി ജൂറി പാനല്‍ വ്യക്തമാക്കി.
ഡിസംബര്‍ 16 ഞായറാഴ്ച വൈകുന്നേരം സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വെച്ച് നടക്കുന്നചടങ്ങില്‍ പ്രശസ്ത കവി ശ്രീ.കെ.ജി.ശങ്കരപ്പിള്ള പുരസ്‌കാരം സമ്മാനിക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
എന്‍.എസ്.മാധവന്‍
1970 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സാഹിത്യ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ 'ശിശു ' എന്ന ചെറുകഥയാണ് മലയാള സാഹിത്യ രംഗത്ത് എന്‍.എസ്.മാധവനെ ശ്രദ്ധേയനാക്കിയത്. സമൃദ്ധമായും നിരന്തരമായും എഴുതിയില്ലെങ്കിലും എഴുതിയവയുടെ ഗുണപ്രകര്‍ഷം കൊണ്ട് ഈ കഥാകൃത്ത് മലയാള ചെറുകഥാ രംഗത്ത് ഒന്നാം നിരക്കാരനായി.
സൂക്ഷ്മമായ രാഷ്ട്രീയ ജാഗ്രതയും നിശിതമായ ജീവിത വിമര്‍ശനവും ആഴത്തിലുള്ള മനുഷ്യഹൃദയ ജ്ഞാനവും എന്‍.എസ്.മാധവന്റെ ചെറുകഥകളെ വ്യത്യസ്തമാക്കുന്നു.
സമകാലിക ഇന്ത്യന്‍ അവസ്ഥയെ മനുഷ്യ പക്ഷത്ത് നിന്നുകൊണ്ട് വിമര്‍ശനാത്മകമായും ശില്‍പഭദ്രമായും ആവിഷ്‌ക്കരിച്ചവയാണ് ഹിഗ്വിറ്റ, തിരുത്ത്, നിലവിളി ,നാലാംലോകം, മുയല്‍ വേട്ട, വന്‍മരങ്ങള്‍ വീഴുമ്പോള്‍ തുടങ്ങിയ ചെറുകഥകള്‍. സ്ത്രീപക്ഷ സമീപനത്തിന്റെ സൂക്ഷ്മശ്രുതികള്‍ കൊണ്ട് ശ്രദ്ധേയമായ ചെറുകഥകളാണ് കാണി, കാര്‍മെല്‍, എന്റെ മകള്‍ ഒരു സ്ത്രീ, പുലപ്പേടി, അമ്മ തുടങ്ങിയവ.
പ്രമേയപരമായ പുതുമക്കൊപ്പം തികഞ്ഞ ശില്പദക്ഷത പ്രകടിപ്പിക്കുന്നവയുമാണ് ഈ കഥാകൃത്തിന്റെ ഓരോ രചനയും.സമകാലിക മലയാളനോവലുകളില്‍ സവിശേഷമായ സ്ഥാനം നേടിയ ലന്തന്‍ബത്തേരിയിലെ ലുത്തീനികള്‍ നോവലിസ്റ്റ് എന്ന നിലയില്‍ എന്‍.എസ്.മാധവന്റെ മികവ് പ്രകടമാക്കുന്ന കൃതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."