മാഹി കനാലിന്റെ കരയിലെ ദുരിതജീവിതം തീരുന്നില്ല
വടകര: മഴക്കാലത്ത് വടകര-മാഹി കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ നേരിടുന്ന ദുരിതത്തിന് അറുതിയില്ല. നടുക്കുനിത്താഴ മുതല്‍ കല്ലേരി വരെ കനാലിന്റെ കരയില്‍ വെള്ളക്കെട്ടും ചെളിയും നിറഞ്ഞു കിടക്കുകയാണ്.
കനാല്‍ കുഴിച്ച് ഇരുകരകളിലും കൂട്ടിയിട്ട മണ്ണ് മഴയില്‍ ചെളിക്കുളമായതോടെ കാല്‍നടപോലും പ്രയാസത്തിലായി. കൃഷി വ്യാപകമായി നശിച്ചു. നാട്ടുകാര്‍ ഇക്കാര്യം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടി മാത്രമായില്ല.
കരിങ്കല്ലു കൊണ്ട് കെട്ടി ബലപ്പെടുത്തേണ്ട തീരം അതേപടി കിടക്കുകയാണ്. കനാല്‍ പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പകരം മണ്ണും മണലും വില്‍ക്കുന്നതിലാണ് കരാറുകാര്‍ക്ക് ശ്രദ്ധയെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കനാലില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവായതോടെ ചില സ്ഥലങ്ങളില്‍ ദുര്‍ഗന്ധം കാരണം വീടുകളില്‍ താമസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നു. രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച കനാല്‍ നിര്‍മാണം എങ്ങുമത്തെിയിട്ടില്ല. കനാലിന് ആഴംകൂടിയതോടെ വേനലില്‍ പരിസരത്തെ കിണറുകളില്‍ വെള്ളം വറ്റുന്നുമുണ്ട്. മഴക്കാലത്താണ് ജലക്ഷാമത്തിന് പരിഹാരമായതെങ്കില്‍ വെള്ളക്കെട്ടും ചെളിയും ജനജീവിതം വീണ്ടും ദുസ്സഹമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."