ഉത്തര കൊറിയയോട് അമേരിക്ക: 'ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല'
വാഷിങ്ടണ്‍: ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ലെന്ന് ഉത്തര കൊറിയയോട് അമേരിക്ക. കഴിഞ്ഞ ദിവസം ഉത്തര കൊറിയ അമേരിക്കയെ പരിധിയിലാക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് നയം വ്യക്തമാക്കി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ രംഗത്തെത്തിയത്. ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര കൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം ദക്ഷിണ കൊറിയയും പെന്റഗണും സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അമേരിക്കയിലെ അലസ്‌കയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് വിജയകരമായി യു.എസ് പരീക്ഷിച്ചു.
ഇതിനിടെ ഉത്തര കൊറിയയുമായി ഇനി ചര്‍ച്ചയില്ലെന്നും സൈനിക നടപടിക്ക് ഒരുങ്ങുകയാണെന്നും ഐക്യരാഷ്ട്രസഭയിലെ യു.സ് അംബാസഡര്‍ നിക്കി ഹാലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനുരഞ്ജന നീക്കവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി രംഗത്തെത്തുന്നത്.
വെള്ളിയാഴ്ചയാണ് അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുവരെ എത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്. ഉത്തര കൊറിയയുടെ പ്രകോപനം തടയാന്‍ ചൈന ഒന്നും ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപും കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെയും ഉ.കൊറിയയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കിം ജോങ് ഉന്നിനെതിരേ നീക്കം നടത്തിയാല്‍ അമേരിക്കയുടെ ഹൃദയം തകര്‍ക്കുമെന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി ഏറെ നാള്‍ കഴിയും മുന്‍പാണ് ഇതു തെളിയിക്കും വിധം മിസൈല്‍ പരീക്ഷണവും നടന്നത്. ഇതാണ് യു.എസിനെ ഭീതിയിലാക്കുന്നത്. ഉത്തര കൊറിയയുമായി പരമാവധി അനുരഞ്ജനത്തിനാണ് ഇപ്പോള്‍ യു.എസ് ശ്രമിക്കുന്നത്.
ഉ.കൊറിയയെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞെന്ന് സെനറ്റര്‍
വാഷിങ്ടണ്‍: ഉത്തര കൊറിയയെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി യു.എസ് സെനറ്റര്‍. നേരിട്ടുള്ള യുദ്ധത്തിലൂടെയോ ആണവായുധം ഉപയോഗിച്ചോ ഉത്തര കൊറിയയെ തകര്‍ക്കാമെന്ന് ട്രംപ് പറഞ്ഞതായി ലിന്‍ഡ്‌സെ ഗ്രഹാം എന്ന സൈനറ്ററാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ എന്‍.ബി.സി ചാനലില്‍ നടന്ന ഷോയ്ക്കിടെയാണ് ലിന്‍ഡ്‌സെ ഇക്കാര്യം അറിയിച്ചത്.
ഉത്തരകൊറിയയെ നശിപ്പിക്കാന്‍ അവിടെ ഒരു സൈനിക നടപടിയുണ്ടാകും ചിലപ്പോള്‍ ആ രാജ്യം തന്നെ നശിപ്പിക്കപ്പെട്ടേക്കാമെന്നാണ് ട്രംപ് പറഞ്ഞതെന്ന് ലിന്‍ഡ്‌സെ അറിയിച്ചു.
പുതിയ മിസൈല്‍ പരീക്ഷണം കഴിഞ്ഞ ആഴ്ച ഉത്തര കൊറിയ നടത്തിയതോടെ ഇരുരാജ്യങ്ങളിലെയും ബന്ധങ്ങള്‍ക്കിടിയില്‍ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടെയാണ് യു.എസിന്റെ നടപടി.
മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ മുന്നോട്ടു പോവുകയാണെങ്കില്‍ അമേരിക്കയുടെ മുന്നില്‍ സൈനിക നടപടിയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും ലാന്‍ഡ്‌സൈ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."