മുഹമ്മ-കഞ്ഞിക്കുഴി റോഡ് കുളമായി
ദേശീയ പാതയെയും ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മുഹമ്മ- കഞ്ഞിക്കുഴി റോഡ്
കഞ്ഞിക്കുഴി, പാന്തേഴം, ലൂഥര്‍, വന സ്വര്‍ഗ്ഗം തുടങ്ങിയ ഭാഗങ്ങളില്‍ അപകടകരമാം വിധമാണ് വെള്ളം കെട്ടിക്കിടക്കുന്നത്
മുഹമ്മ: മുഹമ്മ- കഞ്ഞിക്കുഴി റോഡില്‍ വെള്ളക്കെട്ട് ദുരിതം. വെള്ളം ഒഴുകിപ്പോകാന്‍ കാനയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.
മൂന്ന് കിലോമീറ്ററോളം നീളമുള്ള റോഡില്‍ എവിടെയും ഇതേവരെ നീരൊഴുക്കിനുള്ള സംവിധാനമൊരുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
ദേശീയ പാതയെയും ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മുഹമ്മ- കഞ്ഞിക്കുഴി റോഡ്. കെ.എസ്.ആര്‍.ടി.സി ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്.
മഴക്കാലമായാല്‍ ഈ റൂട്ടില്‍ യാത്ര ദുസ്സഹമാണ്. റോഡില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടും. കഞ്ഞിക്കുഴി, പാന്തേഴം, ലൂഥര്‍, വന സ്വര്‍ഗ്ഗം തുടങ്ങിയ ഭാഗങ്ങളില്‍ അപകടകരമാം വിധമാണ് വെളളം കെട്ടിക്കിടക്കുന്നത്.
ഈ ഭാഗത്ത് റോഡിന്റെ വശങ്ങളിലുള്ള കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടാറുണ്ട്.
ഇരുവശങ്ങളിലും വെള്ളക്കെട്ടുള്ളതിനാല്‍ കാല്‍നട യാത്രികര്‍ക്കു പോലും നേരാംവണ്ണം കടന്നു പോകാന്‍ ബുദ്ധിമുട്ടാണ്. ഒരു മഴ പെയ്താല്‍ തന്നെ ദിവസങ്ങളോളം വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണ്. വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമായിട്ടും ഈ റൂട്ടില്‍ കാന നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
എ എസ് കനാല്‍, മുപ്പിരിത്തോട് എന്നിവയുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ കാന നിര്‍മ്മിച്ചാല്‍ വെള്ളക്കെട്ട് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും.
മഴക്കാലത്ത് റോഡില്‍ നിറയുന്ന വെള്ളം ഒഴുക്കിപ്പോകുമെന്നതിനാല്‍ വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം.
എന്നാല്‍ ഈ സാധ്യത അധികൃതര്‍ ചര്‍ച്ച ചെയ്തിട്ടുപോലുമില്ലെന്നാണ് യാത്രക്കാരുടെയും റോഡിന് സമീപത്തെ വ്യാപാരികളുടെയും പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."