വെളുത്തുള്ളി കര്‍ഷകര്‍ക്ക് തിരിച്ചടിയായി വിലയിടിവ്
തൊടുപുഴ: ഉല്‍പാദനം വര്‍ധിച്ചതോടെ വിലയിലുണ്ടായ ഇടിവ് വട്ടവടയിലെ വെളുത്തുള്ളി കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വെളുത്തുള്ളിയുടെ പ്രധാന വിളവെടുപ്പ് സീസണാണിപ്പോള്‍. ഇതോടൊപ്പം തമിഴ്‌നാട്ടിലെ ഊട്ടിയിലും കൊടൈക്കനാലിലും ഇപ്പോള്‍ വിളവെടുപ്പിന്റെ കാലമാണ്. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളില്‍ ഇറക്കിയ കൃഷിയാണിപ്പോള്‍ വിളവെടുക്കുന്നത്. ആഴ്ചയില്‍ ശരാശരി 40 ടണ്‍ വെളുത്തുള്ളിയാണ് വട്ടവടയില്‍ നിന്നു കയറ്റി അയയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ കിലോയ്ക്ക് 350 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.
എന്നാല്‍ ഇത്തവണ 50 മുതല്‍ 150 രൂപ വരെ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കിലോയ്ക്ക് 250 രൂപ നല്‍കി മേട്ടുപ്പാളയത്ത് നിന്നും വിത്തുകള്‍ എത്തിച്ചാണ് ഇവിടെ കര്‍ഷകര്‍ കൃഷി ഇറക്കുന്നത്. ഒരു കിലോ വിത്തില്‍ നിന്നും ശരാശരി ആറ് കിലോ വരെ ലഭിക്കും. അതിനാല്‍ ഇക്കൊല്ലം ലഭിക്കുന്ന വില ഉല്‍പാദന ചെലവിനേക്കാള്‍ കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ ഗുണനിലവാരത്തില്‍ മികച്ചതാണ് വട്ടവട വെളുത്തുള്ളി എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നുള്ളവ ആഭ്യന്തര വിപണിയില്‍ എത്തുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. വട്ടവടയില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വെളുത്തുള്ളിയും ഇടനിലക്കാര്‍ വഴി തമിഴ്‌നാട്ടിലെ വടുകപ്പട്ടി, മേട്ടുപ്പാളയം ചന്തകളിലേക്കാണ് പോവുന്നത്. ഈ മേഖലയില്‍ കര്‍ഷകരില്‍ നിന്നു സംസ്ഥാന ഹോര്‍ട്ടികോര്‍പ് ശീതകാല പച്ചക്കറികള്‍ നേരിട്ട് സംഭരിക്കുന്നുണ്ടെങ്കിലും അതില്‍ വെളുത്തുള്ളി ഉള്‍പ്പെടുന്നില്ല. കൃഷിവകുപ്പിന്റെ ഒരു വിധത്തിലുള്ള സഹായവും വെളുത്തുള്ളി കര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ല. ഇവിടെ ഉല്‍പാദിപ്പിക്കുന്നവയ്ക്ക് വലിപ്പം കുറവാണെന്നതാണ് കേരള വിപണിയില്‍ പ്രിയം കുറയാന്‍ കാരണം. ഇതിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രചാരണവും ഒപ്പം ബ്രാന്‍ഡഡ് ആക്കുകയും വിപണനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ വട്ടവട വെളുത്തുള്ളിക്കും നല്ലകാലം വരുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."