ജോലി ഭാരം പേറി റെയില്‍വേ ഡിവിഷനിലെ ലോക്കോ പൈലറ്റുമാര്‍
പാലക്കാട് : റെയില്‍വേ ഡിവിഷനില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് അധിക ജോലി ഭാരം ദുരിതമാവുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ ഉള്ളവരെ ഉപയോഗിച്ച് അമിത ജോലി ചെയ്യിക്കുന്നതായി വ്യാപക പരാതി. മാത്രമല്ല, അവകാശപ്പെട്ട വിശ്രമ അവധി പോലും നിഷേധിക്കപ്പെടുന്നു. നിലവില്‍ ലോക്കോ റണ്ണിങ് വിഭാഗത്തില്‍ 30 ശതമാനം ഒഴിവാണുള്ളത്.
ഇത് നികത്താന്‍ ഒരു നടപടിയും റെയില്‍വേയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. 8 മണിക്കൂറാണ് ലോക്കോ റണ്ണിങ് ജീവനക്കാരുടെ ജോലി സമയം നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ക്ക് പ്രതിവാര വിശ്രമം ഉറപ്പാക്കണമെന്നും തുടര്‍ച്ചയായ രാത്രി ഡ്യൂട്ടി രണ്ടെണ്ണമേ പാടുള്ളുവെന്നും ലോക്കോ റണ്ണിങ് കേഡറിലെ എല്ലാ ഒഴിവുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നികത്തണമെന്നുമൊക്കെ ഇതുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ, റണ്ണിങ് മുറികളുടെ പരിഷ്‌കരണവും നിര്‍ദേശിക്കുന്നു. എന്നാല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പാലക്കാട് റെയില്‍വെ ഡിവിഷന്‍ തയ്യാറാവുന്നില്ല.
ഹൈപവര്‍ കമ്മിറ്റി നിര്‍ദേശങ്ങളില്‍ റെയില്‍വേ ഫുള്‍ ബോര്‍ഡ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പോലും പാലക്കാട് ഡിവിഷനില്‍ നടപ്പിലായിട്ടില്ല.
കുറഞ്ഞ വിശ്രമ സമയം പോലും നിഷേധിക്കപ്പെടുകയും വിശ്രമം ആവശ്യപ്പെടുന്നവരെ ശിക്ഷ നല്‍കി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു. വിശ്രമമില്ലാതെ ജോലി ചെയ്തതുമൂലം നേരിടേണ്ടി വന്ന അപകടങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍, ഇവിടെ റെയില്‍വേ സുരക്ഷയല്ല, തൊഴിലാളികളെ പീഡിപ്പിക്കലാണ് അധികാരികള്‍ ചെയ്യുന്നതെന്നാണ് ആരോപണം.
പുതിയ ട്രെയിനുകള്‍ അനുവദിക്കുമ്പോള്‍ പോലും ആവശ്യമായ ലോക്കൊ പൈലറ്റുമാരെ നിയമിക്കാന്‍ തയ്യാറാവുന്നില്ല.
നിരവധി സ്‌പെഷ്യല്‍ ട്രെയിനുകളും സുവിധ എക്‌സ്പ്രസുകളും പുതുതായി ആരംഭിച്ച പാലരുവി എക്‌സ്പ്രസ് ട്രെയിനും പാലക്കാട് ഡിവിഷനിലൂടെ ഓടുന്നുണ്ട്. ഒരു വര്‍ഷത്തിലധികമായി സര്‍വീസ് പുനരാരംഭിച്ച പാലക്കാട്-പൊള്ളാച്ചി സെക്ഷനിലെ ട്രെയിനിനു പോലും ലോക്കോ പൈലറ്റിനെ നിയമിച്ചിരുന്നില്ല.
ഇതു കൂടാതെ ചരക്കു ട്രെയിനുകള്‍ വേറെയുമുണ്ട്. നിലവിലുള്ള ലോക്കോ പൈലറ്റുമാരുടെ എണ്ണത്തില്‍ വര്‍ധന വരുത്താതെയാണ് ഈ ട്രെയിനുകളെല്ലാം ഓടുന്നത്. എന്നാല്‍ ഒഴിവുകള്‍ മറച്ചു വച്ച് ആളില്ലെന്നു പറഞ്ഞ് വിശ്രമ സമയം പോലും നിഷേധിക്കുകയാണ്. അപകടം മുന്നില്‍ക്കണ്ടാണ് പൈലറ്റുമാര്‍ പലരും ട്രെയിന്‍ ഓടിക്കുന്നത്.
ലോക്കോ റണ്ണിങ് സ്റ്റാഫിന്റെ ഒഴിവുകള്‍ എല്ലാം നിശ്ചിത സമയത്തിനുള്ളില്‍ നികത്തണമെന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളുടെ അത്രതന്നെ സ്റ്റാന്‍ഡ്‌ബൈ ലിസ്റ്റ് വയ്ക്കണമെന്നുമുള്ള ഹൈവര്‍ കമ്മിറ്റിയുടെയും പാര്‍ലമെന്ററി കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നില്ല.
അവകാശപ്പെട്ട അവധികള്‍ നിഷേധിക്കുന്നതിനൊപ്പം ജീവനക്കാര്‍ക്ക് ആബ്‌സന്റ് മാര്‍ക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി ഇവിടെയുണ്ട്. റണ്ണിങ് മുറിയില്‍ നിന്ന് എയര്‍ കണ്ടീഷന്‍ വരെ ഒഴിവാക്കി.
ഈ ദ്രോഹനടപടികള്‍ക്കെതിരെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക്കോ പൈലറ്റുമാര്‍ ഒലവക്കോട് ഡിആര്‍എം ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."