പട്ടാമ്പി പരിസരങ്ങളില്‍ ഓപ്പറേഷന്‍ കുബേര തുടരണമെന്ന്
പട്ടാമ്പി: പട്ടാമ്പി ടൗണ്‍ കേന്ദ്രീകരിച്ചും ഉള്‍പ്രദേശങ്ങളിലും ഇപ്പോഴും കൊള്ളപ്പലിശ ഇടപാടുകള്‍ സജീവമാകുന്നു. കിഴായൂര്‍, കൊണ്ടൂര്‍ക്കര, ശങ്കരമംഗലം, തെക്കുമുറി, കൊടലൂര്‍, പൂവക്കോട്, കാരക്കാട്, ഓങ്ങല്ലൂര്‍, മുതുതല, കൊടുമുണ്ട തുടങ്ങിയ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടക്കുന്നത്.
ആഴ്ചകളിലെ ഓരോ ദിവസങ്ങളിലും നടത്തുന്ന ഇത്തരക്കാരുടെ കെണിയില്‍ അകപ്പെടുന്നത് സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സാധാരണക്കാരും വയോജനങ്ങളുമാണ്. അമിതപലിശക്ക് പണം കൊടുത്ത് ഗ്രാമീണ നിവാസികളെ കടക്കെണിയിലാക്കുന്നത് അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്.
വട്ടിപ്പലിശ ഇടപാടുകാരെ പിടികൂടാന്‍ ആരംഭിച്ച ഓപ്പറേഷന്‍ കുബേര വീണ്ടും ബന്ധപ്പെട്ടവരുടെ നേതൃത്വത്തില്‍ ആരംഭിക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ ഗ്രാമങ്ങളില്‍ അതിരാവിലെ തന്നെ എത്തുന്ന ഇത്തരം ഇടപാട് സംഘങ്ങള്‍ ദിവസങ്ങള്‍ കണക്കാക്കി വീടുകള്‍ കയറിയിറങ്ങുന്നത്.
ഓരോ ദിവസവും ഇവരുടെ കെണിയില്‍ പുതിയ അംഗങ്ങള്‍ പലിശ ഇടപാടുമായി ബന്ധപ്പെടുന്നതും ഇക്കൂട്ടര്‍ക്ക് വന്‍ സാമ്പത്തിക ലാഭം കൊയ്‌തെടുക്കുന്നതിനും സഹായകമാകുന്നു.
അതെസമയം സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള പണമിടപാടുകളും വര്‍ധിച്ചിട്ടുണ്ട്. സ്ത്രീകളില്‍ നിന്ന് മുടങ്ങാതെ തന്നെ പലിശയും മുതലും കൃത്യമായി ലഭിക്കുമെന്നുള്ളതും ഇടപാടുകാര്‍ക്ക് കൂടുതല്‍ വരുമാന സ്രോതസിന് വഴിയൊരുക്കുന്നു.
പട്ടാമ്പി കേന്ദ്രമാക്കി വാടക വീടുകളില്‍ താമസിച്ചിരുന്ന ഇത്തരം പലിശ പണം ഇടപാട് സംഘങ്ങള്‍ ഓപ്പറേഷന്‍ കുബേര ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായതോടെ ഒറ്റ സംഘങ്ങളായി വേര്‍പിരിഞ്ഞ് സംശയമില്ലാത്ത വിധം ജില്ലയിലെ വിവിധ ഇടങ്ങളില്‍ കഴിയുന്നു.
ഓണം തുടങ്ങിയ ആഘോഷങ്ങള്‍ ലക്ഷ്യമാക്കി ഇത്തരക്കാര്‍ കൂലിതൊഴിലാളികള്‍ക്ക് പണം നല്‍കുകയും അമിത പലിശ ഈടാക്കി മുതലും തിരിച്ചുപിടിച്ച് ചൂഷണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഒറ്റപ്പെട്ട വ്യക്തികളും അമിത പലിശക്ക് പണം നല്‍കി യുവാക്കളെ കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തുന്നതായി വീട്ടമ്മമാര്‍ ആരോപിക്കുന്നു. അത്‌കൊണ്ട് തന്നെ ഇത്തരം സംഘങ്ങളെ പിടികൂടാനുള്ള സംവിധാനം ബന്ധപ്പെട്ടവര്‍ ഒരുക്കണമെന്ന ആവശ്യത്തിനും പ്രസക്തിയേറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."