എന്ന് അവസാനിക്കും ഈ ക്രൂരത
ലഖ്‌നൗ: പെണ്‍കുട്ടികള്‍ക്കെതിരേയുള്ള ക്രൂരതകള്‍ക്ക് അറുതിയില്ലാതെ യു.പി. ഉന്നാവോയിലെ പെണ്‍കുട്ടിയുടെ കൊലയുടെ മുറിവുണങ്ങും മുന്‍പ് സമീപപ്രദേശത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു തീകൊളുത്തി. ഫതഹ് പൂരിലെ ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് ഇപ്പോഴത്തെ ഇര. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. പതിനെട്ടുകാരിയെ ബന്ധുവായ 22 കാരന്‍ പീഡിപ്പിച്ചതിന് ശേഷം മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയാായിരുന്നു. വീട്ടില്‍ തനിച്ചായിരിക്കുമ്പോഴാണ് പീഡിപ്പിച്ച് തീക്കൊളുത്തിയതെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴിനല്‍കി. ഓക്‌സിജന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയുന്നതെന്നും ഗുരുതരാവസ്ഥയിലാണെന്നും ലാലാ ലാജ്പത്ത് മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുരാഗ് രജോരിയ പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവാണ് പൊലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നും പൊലിസ് പറഞ്ഞു.ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കുന്നതുവരെ രണ്ടായി താമസിക്കാന്‍ ഇന്നലെ കൂടിയ ഗ്രാമീണപഞ്ചായത്തില്‍ തീരുമാനിച്ചിരുന്നെന്നും പെലിസ് പറഞ്ഞു. പഞ്ചായത്ത് നടക്കുന്നതിനിടെയാണ് സംഭവമെന്ന് എ.ഡി.ജി.പി സുജീത് പാണ്ഡെ പറഞ്ഞു. പ്രതിയുടെയും പെണ്‍കുട്ടിയുടെയും വീടുകള്‍ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പഞ്ചായത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് സമീപത്തെ വീട്ടില്‍ നിന്ന് പുകയുയര്‍ന്നതെന്നും പ്രതിയെന്ന് സംശയിക്കുന്നയാള്‍ പഞ്ചായത്തിലുണ്ടായരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഈ മാസം ആദ്യത്തിലാണ് ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ മര്‍ദിച്ച് തീകൊളുത്തി കൊന്നത്. പീഡനക്കേസില്‍ വിചാരണ നടപടികള്‍ കഴിഞ്ഞ മടങ്ങുന്നതിനിടെയായാരുന്നു അക്രമം. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."