ഇനി കല്ലുമ്മക്കായ കൃഷിയില്‍ ഒരു കൈനോക്കാം
തൃക്കരിപ്പൂര്‍: കവ്വായിക്കായലില്‍ കല്ലുമ്മക്കായ കൃഷിയിറക്കി ഒരു കൈനോക്കാന്‍ വിദ്യാര്‍ഥികള്‍. പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് കല്ലുമ്മക്കായ കൃഷിയുമായി കവ്വായിക്കായലിലറങ്ങിയത്. കവ്വായിക്കായലില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട കല്ലുമ്മക്കായ വിത്തു ചാകരയാണ് വിദ്യാര്‍ഥികളെ കല്ലുമ്മക്കായ കൃഷിയിലേക്ക് ആകര്‍ഷിച്ചത്. കഴിഞ്ഞ വര്‍ഷം കൃഷിയിറക്കാന്‍ വിദ്യാര്‍ഥികള്‍ തുനിഞ്ഞിറങ്ങിയെങ്കിലും കല്ലുമ്മക്കായ വിത്തിന്റെ അമിത വിലകാരണം ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്നലെ മാവിലാകടപ്പുറം ഭാഗങ്ങളില്‍നിന്ന് പത്തോളം ചാക്കുകളിലായി വിദ്യാര്‍ഥികള്‍ കായലിലിറങ്ങി ചിപ്പിക്ക (കല്ലുമ്മക്കായ വിത്തുകള്‍) ശേഖരിച്ചു കഴിഞ്ഞു. കൃഷി നടത്തുന്നതിനാവശ്യമായ വിത്തിറക്കാനുളള 350ഓളം കമ്പ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇടയിലക്കാട് പരിസരത്തെ കായലിലാണ് വിദ്യാര്‍ഥികള്‍ കൃഷിക്ക് വേണ്ടിയുള്ള സ്ഥലം കണ്ടെത്തിയത്. നല്ല വിളവ് കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ കൃഷിയില്‍ പ്രവേശിച്ചത്. ഇടയിലെക്കാട്ടിലുള്ള കല്ലുമ്മക്കായ കൃഷിക്കാരുടെയും രക്ഷിതാക്കളുടെയും പിന്തുണയും സഹായവും വിദ്യാര്‍ഥികള്‍ക്കുണ്ട്.
കൃഷിക്ക് വേണ്ടിയുള്ള മുളകള്‍ കെട്ടുന്ന ജോലികള്‍ ഇടയിലക്കാട് പ്രദേശവാസികളും എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ചേര്‍ന്നാണ് ഒരുക്കിയത്. വലിയറമ്പ പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍, സകൂള്‍ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍. സുഗത, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം. രാധ, പി.എ.സി അംഗം മുഹമ്മദ് ശരീഫ്, വി. പ്രിയ, രഞ്ജിനി നായര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ ആതിര, ഹിഷാം, നന്ദന കൃഷിയിറക്കാന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."