മാര്‍ക്കറ്റിങ് സൊസൈറ്റി തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ പാളയത്തില്‍ പട, ചേരിതിരിഞ്ഞ് പത്രിക സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: കോട്ടച്ചേരി മാര്‍ക്കറ്റിങ് സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായതോടെ ചേരി തിരിഞ്ഞ് പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസും ലീഗും ബി.ജെ.പിയുമാണ് കുറെ കാലങ്ങളായി മാര്‍ക്കറ്റിങ് സൊസൈറ്റി ഭരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കുമുന്‍പ് ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. 23നാണ് മാര്‍ക്കറ്റിങ് സൊസൈറ്റി തിരഞ്ഞെടുപ്പ്. പത്രിക സമര്‍പ്പണം തിങ്കളാഴ്ച രാവിലെ ആരംഭിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് പത്രിക സമര്‍പ്പണം തുടങ്ങി. നിലവിലുള്ള പ്രസിഡന്റ് ഒടയന്‍ചാലിലെ കെ. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി. നായര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍. കുഞ്ഞികൃഷ്ണന്‍, മാലോത്തെ ജോയി ജോസഫ്, പനത്തടിയിലെ സി. കൃഷ്ണന്‍ നായര്‍, രാമചന്ദ്രന്‍, സാവിത്രി എന്നിവര്‍ ഔദ്യോഗിക പക്ഷത്ത് നിന്ന് തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചു. സൊസൈറ്റി മുന്‍ പ്രസിഡന്റും മലയോര കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായ സോമി മാത്യുവിന്റെ നേതൃത്വത്തില്‍ എ. കുഞ്ഞിരാമന്‍, അനിത രാമകൃഷ്ണന്‍, പി.യു പത്മനാഭന്‍ നായര്‍, കെ.പി കുഞ്ഞമ്പു, വി. നാരായണന്‍, എന്നിവരും വേറെ പത്രിക നല്‍കി. മുസ്‌ലിം ലീഗിന് ലഭിച്ച മൂന്ന് സീറ്റുകളില്‍ അസൈനാര്‍ ഹാജി പടന്നക്കാട്, മുഹമ്മദ്കുഞ്ഞി മാഹിന്‍, കെ. കുഞ്ഞാമിന കൊളവയല്‍ എന്നിവരും പത്രിക നല്‍കി.
കോണ്‍ഗ്രസ് - ലീഗ് - ബി.ജെ.പി സഖ്യമുണ്ടായിരുന്ന കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ശങ്കരന്‍ വാഴക്കോട്, വിജയകുമാരി കല്യാണം, കെ. കുഞ്ഞിരാമന്‍ കോളോത്ത്, ടി. രാധാകൃഷ്ണന്‍ നീലേശ്വരം, എച്ച്.ആര്‍ സുകന്യ, ലീല പുല്ലൂര്‍, കാനത്തില്‍ കണ്ണന്‍, എന്‍. ഗോവിന്ദന്‍ ഒടയംചാല്‍, പത്മനാഭന്‍ നെല്ലിത്തറ, എ ക്ലാസ് മെമ്പര്‍മാരായ എന്‍. രാജന്‍ കാരാക്കോട്, ഉണ്ണികൃഷ്ണന്‍ മുളവന്നൂര്‍, എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന സോമി മാത്യു ബി.ജെ.പിയുമായി ചേര്‍ന്ന് അട്ടിമറി നീക്കം നടത്താനുള്ള ശ്രമത്തിലാണ്. മാര്‍ക്കറ്റിങ് സൊസൈറ്റിയെ ഇന്നത്തെ സൊസൈറ്റിയാക്കി മാറ്റിയ മലയോര കര്‍ഷകരുടെ പ്രതിനിധികള്‍ക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന നിലപാടിലാണ് സോമി മാത്യു. സോമി മാത്യുവിനെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. 5300ല്‍ അധികം അംഗങ്ങളുണ്ട് മാര്‍ക്കറ്റിങ് സൊസൈറ്റിക്ക്. പാളയത്തില്‍ പട കരുത്താര്‍ജിച്ചാല്‍ ബി.ജെ.പിക്കത് ഗുണം ചെയ്യും. സോമി മാത്യുവിനെ എങ്ങിനെയെങ്കിലും പ്രസിഡന്റ് സ്ഥാനം നല്‍കിയെങ്കിലും കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."