സി.എന്‍; ആധുനിക വടക്കാഞ്ചേരിയെ രൂപപ്പെടുത്തിയ കരുത്തുറ്റ നേതാവ്
വടക്കാഞ്ചേരി: സി.എന്‍ ബാലകൃഷ്ണന്റെ വിടവാങ്ങലോടെ വടക്കാഞ്ചേരിക്കു നഷ്ടപ്പെട്ടത് ആധുനിക വടക്കാഞ്ചേരി രൂപപ്പെടുത്തിയ കരുത്തുറ്റ നേതാവിനെ. കോടികളുടെ വികസനം നാട്ടിലെത്തിച്ച സി.എന്‍ ഒട്ടേറെ നിര്‍ധന കുടുംബങ്ങളുടെ കൈതാങ്ങായിരുന്നു. ഒട്ടേറെ പേര്‍ക്കു വിവിധ വിഭാഗങ്ങളില്‍ ജോലി ഉറപ്പാക്കിയ അദ്ദേഹം വികസന മുന്നേറ്റത്തിന്റെ നേരവകാശിയാണ്. വടക്കാഞ്ചേരി മേല്‍പ്പാലം, മിനി സിവില്‍ സ്റ്റേഷന്‍, പൊലിസ് സ്റ്റേഷന് മുന്നിലെ സര്‍ക്കാര്‍ കെട്ടിട സമുച്ചയം, ഓട്ടുപാറയിലെ ആധുനിക മത്സ്യ മാര്‍ക്കറ്റ്, എങ്കക്കാട് പൊതുശ്മശാനം, വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ്, മുണ്ടത്തിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, തെക്കുംകര വാതകശ്മശാനം എന്നിവയെല്ലാം പണിതീര്‍ത്തത് സി.എന്‍ ബാലകൃഷ്ണന്റെ കാലത്താണ്.
അത്താണി മെഡിക്കല്‍ കോളജ് മേല്‍പ്പാലത്തില്‍ നിന്ന് ടോള്‍ ഒഴിവാക്കിയ തീരുമാനം സി.എന്‍ ബാലകൃഷ്ണന്‍ കൈ കൊണ്ടപ്പോള്‍ വെളപ്പായ റോഡ് മെഡിക്കല്‍ കോളജ് മേല്‍പ്പാല നിര്‍മാണവും പൂര്‍ത്തിയാക്കി. മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ 350 കോടി രൂപയുടെ വികസന മുന്നേറ്റമാണ് സി.എന്‍ നടപ്പിലാക്കിയത്.
800 കിടക്കകള്‍ മാത്രം ഉണ്ടായിരുന്ന ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 1200 ആക്കി വര്‍ധിപ്പിച്ച് 183 തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചു. 14 കോടി രൂപ ചെലവിട്ട് മെഡിക്കല്‍ ഐ.സി.യു നവീകരിച്ചതും അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ്. മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന്‍, ഗവണ്‍മെന്റ് ദന്തല്‍ കോളജ്, സബ് ട്രഷറി, നഴ്‌സിങ് കോളജ് രണ്ടാം ഘട്ടം, പി.ജി, എം.ബി.ബി.എസ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിച്ചതിനു പുറമെ ഗസ്റ്റ് ഹൗസ് നിര്‍മാണവും പൂര്‍ത്തീകരിച്ചു.
2011-16 കാലഘട്ടത്തില്‍ 41.84 കോടി രൂപ ചെലവഴിച്ച് അക്കാദമിക് കോംപ്ലക്‌സ് നിര്‍മിച്ചതും സി.എന്‍ ബാലകൃഷ്ണന്റെ വികസന സ്വപ്നത്തിന്റെ ഫലമാണ്. 14.21 കോടി ചെലവില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനും അദ്ദേഹം രൂപം നല്‍കി.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പുതിയ ഒ.പി ബ്ലോക്ക് കെട്ടിട സമുച്ചയം നിര്‍മിച്ചതും സി.എന്‍ ബാലകൃഷ്ണന്‍ സഹകരണ മന്ത്രിയായിരിക്കുമ്പോഴാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."