പ്രദേശവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മരട് നഗരസഭ സുപ്രിംകോടതിയിലേക്ക്
സ്വന്തം ലേഖകന്‍
മരട്: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ സുപ്രിംകോടതി നിര്‍ദേശാനുസരണം പൊളിച്ചുനീക്കുന്നതിനിടെ പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കിടെ പ്രദേശത്തെ നിരവധി വീടുകള്‍ക്കാണ് വിള്ളലുകള്‍ വീണ് ബലക്ഷയം സംഭവിച്ചിരിക്കുന്നത്.
നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന പ്രദേശവാസികള്‍ക്ക് സുരക്ഷിതത്വവും നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ചും അധികൃതര്‍ നടപടി സ്വീകരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് പ്രശ്‌നം സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനമായത്.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് ഐ.എ.എസ് പങ്കെടുക്കാതിരുന്നതില്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു. നഗരസഭയുടെ ദൈനംദിനകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി മരട് നഗരസഭ സെക്രട്ടറിയുടെ അധിക ചുമതലയുള്ള പിറവം നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍, മുന്‍സിപ്പല്‍ എന്‍ജിനിയര്‍ എന്നിവര്‍ നഗരസഭ കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നതിനെതിരെയും യു.ഡി.എഫ്, എല്‍ .ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു.
അതിനിടെ പൊളിച്ചുനീക്കുന്ന നെട്ടൂരിലെ ആല്‍ഫ സെറിന്‍ ഫ്‌ളാറ്റില്‍ സബ് കലക്ടര്‍ എത്തിയ വിവരം അറിഞ്ഞ് കൗണ്‍സില്‍ അംഗങ്ങള്‍ ഫ്‌ളാറ്റിലെത്തി. അപ്പോഴേക്കും അദ്ദേഹം തിരിച്ചു പോയിരുന്നു.
തുടര്‍ന്ന് കൗണ്‍സില്‍ അംഗങ്ങള്‍ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹൈബി ഈഡന്‍ എം.പി, എം.സ്വരാജ് എം.എല്‍.എ, മുന്‍ മന്ത്രി കെ.ബാബു എന്നിവര്‍ സ്ഥലത്തെത്തി കൗണ്‍സില്‍ അംഗങ്ങളുമായി സംസാരിച്ചു.
സബ് കലക്ടര്‍ എത്താതെ ഫ്‌ളാറ്റ് കവാടത്തില്‍നിന്ന് പോകില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
തുടര്‍ന്ന് വൈകിട്ട് നാലോടെ സബ് കലക്ടര്‍ എത്തി കൗണ്‍സിലര്‍മാരെ കണ്ടു. പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ ജില്ലാ കലക്ടറുടെ ചേംബറില്‍ എം.പി, എം.എല്‍.എ, കൗണ്‍സിലര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗം നടത്തുമെന്ന് സബ് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."