പ്രായം തടസമല്ല; ശ്രീദേവി അമ്മ ഇപ്പോഴും കൈ കൊട്ടിക്കളിയുടെ തിരക്കിലാണ്
വടക്കാഞ്ചേരി: കേരളത്തിന്റെ തനത് കലാരൂപങ്ങളില്‍ ഒന്നായ കൈകൊട്ടികളിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന വിശേഷണത്തിനു ഏറ്റവും അര്‍ഹയായ പനങ്ങാട്ടുകര മുതുവറ പുഷ്പകത്ത് എ.എസ് ശ്രീദേവി ബ്രാഹ്മണി അമ്മയ്ക്കു നവതിയുടെ നിറവ്. 90-ാം വയസിലും തിരുവാതിര കളിയോടൊപ്പം സംഗീതവും ജീവിത കൂട്ടാണ് ബ്രാഹ്മണിയമ്മയ്ക്ക്. സുപ്രസിദ്ധ മദ്ദള വിദഗ്ദനായിരുന്ന വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്റേയും ആര്യ ദേവി ബ്രാഹ്മണ്യ അമ്മയുടേയും മകളായി 1929 ജനുവരി അഞ്ചിനു വെള്ളാറ്റന്നൂര്‍ അരീക്കരെ തെക്കേ പുഷ്പകത്ത് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുത്തശ്ശിയും കൈകൊട്ടികളി ആചാര്യയുമായിരുന്ന പാര്‍വതി ബ്രാഹ്മണി അമ്മയുടെ കീഴില്‍ കഥകളി പദങ്ങളും തിരുവാതിരക്കളി പാട്ടുകളും അഭ്യസിച്ചു. തൃപ്പൂണിത്തറ സ്വദേശിയും വേലൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനുമായിരുന്ന ഇക്കണ്ടവാരിയര്‍ മാസ്റ്ററുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. നിരവധി കഥകളി പദങ്ങള്‍ കൈകൊട്ടി കളിയ്ക്കു വേണ്ടി ചിട്ടപ്പെടുത്തി. ഇതില്‍ വിദ്വാന്‍ മച്ചാട് ഇളയതിന്റെ കൃതികളും ഉള്‍പ്പെടുന്നു. ഇപ്പോള്‍ തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകരയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ബ്രാഹ്മണി അമ്മ നവതലമുറയിലെ കുട്ടികള്‍ക്കായി സ്വന്തം വീട്ടില്‍ കലാപഠന സ്‌കൂള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരമുള്ള ശ്രീ ദുര്‍ഗ കലാനിലയം തിരുവാതിരക്കളി മികവിന്റെ പ്രതിരൂപമാണ്. ഡാന്‍സ്, മദ്ദളം, മൃദംഗം, കഥകളി വേഷം, സംഗീതം എന്നിവയും പരിശീലിപ്പിക്കുന്നു. മുന്‍ എം.എല്‍.എ യും കലാമണ്ഡലം മുന്‍വൈസ് ചെയര്‍മാനും താള വാദ്യകലകളുടെ മര്‍മ്മജ്ഞനുമായിരുന്ന സഹോദരന്‍ എ.എസ്.എന്‍ നമ്പീശന്റെ ഉപദേശങ്ങളും അനുഗ്രഹങ്ങളുമാണ് തന്റെ വിജയരഹസ്യമെന്നു ബ്രാഹ്മണിയമ്മ പറയുന്നു.
മച്ചാട്ടിളയതിന്റെ പാട്ടുകള്‍, കഥകളി പദങ്ങള്‍, കീര്‍ത്തനങ്ങള്‍, എട്ട് വൃത്തം, പത്ത് വൃത്തം എന്നിവയാണ് പ്രധാനമായും കൈകൊട്ടി കളിയില്‍ ഉപയോഗിക്കുന്നത്. മച്ചാട്ടിളയതിന്റെ കല്യാണി കളവാണി, ഓടും മൃഗങ്ങളെ, നന്ദനാം ഗോപന്റെ നന്ദനയായിട്ട് തുടങ്ങിയ പാട്ടുകളാണ് പ്രധാനമായും കൈകൊട്ടികളിയ്ക്കായി പാടുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി ആകാശവാണിയില്‍ കൈകൊട്ടികളിപ്പാട്ട് അവതരിപ്പിച്ചു വരുന്നു. 1988-95 കാലഘട്ടത്തില്‍ തെക്കുംകര പഞ്ചായത്ത് മെംബറായിരുന്നു ബ്രാഹ്മണിയമ്മ. ശിഷ്യര്‍ സുവര്‍ണ്ണ മുദ്ര നല്‍കി ആദരിച്ചിട്ടുള്ള ബ്രാഹ്മണിയമ്മയെ തേടി പൂമല ഒലിവ് പുരസ്‌കാരമെത്തിയിട്ടുണ്ട്.
തൊണ്ണൂറാം വയസിലും കൈകൊട്ടി കളിയില്‍ സജീവ സാന്നിധ്യമായ ബ്രാഹ്മണി അമ്മ ഇപ്പോഴും ക്ഷേത്ര വേദികളെ സജീവമാക്കുന്നതില്‍ മുന്‍ നിരയിലാണ്. നവതിയോടനുബന്ധിച്ചു നാട് ഈ മുത്തശ്ശി കലാകാരിയെ ആദരിക്കും. വിപുലമായ പൗരസ്വീകരണത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. മന്ത്രിമാരടക്കമുള്ള പൗരപ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. ഭര്‍ത്താവ് ശങ്കരന്‍ നമ്പീശന്‍ നാലു പതിറ്റാണ്ട് മുന്‍പ് ഓര്‍മയായത് ശ്രീദേവി ബ്രാഹ്മണിയമ്മയുടെ സ്വകാര്യ ദുഃഖങ്ങളിലൊന്നാണ്. ശിവശങ്കരന്‍, ദേവകി, സീത, കൃഷ്ണന്‍, വാസുദേവന്‍, പുരുഷോത്തമന്‍ എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."