രൂക്ഷമായി പ്രതികരിച്ച് യുവ താരങ്ങള്‍
സ്വന്തം ലേഖകന്‍
ആലപ്പുഴ: മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ പൗരത്വ നിയമഭേദഗതിക്കെതിരേ മൗനം പാലിക്കുമ്പോള്‍ രൂക്ഷമായി പ്രതികരിക്കുകയാണ് യുവതാരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത്, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടൊവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് ബാസ്റ്റിന്‍, വിനീത് ശ്രീനിവാസന്‍, അനശ്വര രാജന്‍ തുടങ്ങിയ താരങ്ങളെല്ലാം പൗരത്വ നിയമ ഭേദഗതിക്കെതിരേയും രാജ്യത്ത് നടക്കുന്ന സമരങ്ങളെ പിന്തുണച്ചുമാണ് നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
'നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍, ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്. നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ഞങ്ങളില്‍ നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ. പോകുമ്പോള്‍ എന്‍.ആര്‍.സി അടക്കമുള്ള നിങ്ങളുടെ ബില്ലുകളുമെടുത്തോളൂ' എന്നാണ് യുവതാരവും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചത്.
തട്ടമിട്ട തന്റെ ചിത്രത്തിനൊപ്പം 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക' എന്നാണ് അനശ്വര രാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ജാമിഅ മിലിയ്യ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനി ആയിഷ റെന്നയുടെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് താരങ്ങളായ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, സണ്ണി വൈന്‍, അമല പോള്‍ എന്നിവര്‍ പ്രതികരിച്ചത്. രാജ്യത്തെ എല്ലാ കുട്ടികളെയും ഒരുമിപ്പിക്കാന്‍ ഈ ചൂണ്ടിയ ഒരു വിരല്‍ മതിയാകും. ഭരണഘടനയോട് സത്യസന്ധരായിരിക്കുക. ഇന്ത്യയുടെ യഥാര്‍ഥ മക്കളായി നിലകൊള്ളുക. ജയ് ഹിന്ദ്. ഇങ്ങനെയാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മതേതരത്വം വിജയിക്കട്ടെ എന്ന കുറിപ്പോടെയാണ് ഇന്ദ്രജിത്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിപ്ലവങ്ങള്‍ എല്ലായ്‌പ്പോഴും സ്വദേശത്താണ് ഉണ്ടാകുന്നതെന്നായിരുന്നു നടന്‍ പൃഥ്വിരാജിന്റെ ട്വീറ്റ്. ഒപ്പം വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ ചിത്രവും പങ്കുവച്ചു.
റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും പ്രതിരോധിക്കുക എന്ന അടിക്കുറിപ്പോടെ ആയിഷ റെന്നയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. കടുത്ത വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് ഒരുമയെ തകര്‍ക്കുന്ന എന്തിനെയും എതിര്‍ക്കണമെന്ന് നടന്‍ മമ്മൂട്ടി ഇന്നലെ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."