കോഴിക്കോട്-മൈസൂരു റോഡ് ദേശീയപാതയാക്കണം; എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുറ്റ്യാടി: മലബാറിനെ കര്‍ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-പക്രന്തളം-മാനന്തവാടി-മൈസൂരു റോഡ് ദേശീയപാതയാക്കി ഉയര്‍ത്തണമെന്ന ആവശ്യമുന്നയിച്ച് നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍, മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ദിവസം തൊട്ടില്‍പ്പാലത്ത് ചേര്‍ന്ന ജനകീയ കൂട്ടായ്മ തീരുമാന പ്രകാരമാണ് കൂടിക്കാഴ്ച നടത്തിയത്. നിലവിലുള്ള മറ്റെല്ലാ പാതയേക്കാളും ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നിലയില്‍ കര്‍ണാടകയിലേക്ക് എത്താന്‍ കുറ്റ്യാടി ചുരം വഴി കഴിയും. രാത്രിയാത്ര ഗതാഗത നിരോധനത്തിനും താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിനും ഈ റോഡ് ശാശ്വത പരിഹാരമാണ്.
ദേശീയപാതയായി ഉയര്‍ത്താന്‍ പക്രന്തളം ചുരം റോഡിന്റെ ചില ഭാഗങ്ങളിലുള്ള കുത്തനെയുള്ള കയറ്റം കുറയ്ക്കുകയും മൊത്തമായി വീതി കൂട്ടുകയും ചെയ്താല്‍ മതി. അതിനാല്‍ യാതൊരു സാങ്കേതിക തടസങ്ങളും ഇല്ല. കൂടാതെ വനമേഖല ഒഴിവാക്കുന്നതിനാല്‍ പരിസ്ഥിതിക്ക് ആഘാതമോ വന്യമൃഗങ്ങള്‍ക്ക് സംരക്ഷണമില്ലായ്മയോ ഉണ്ടാവുന്നില്ല. അതിനാല്‍ നിര്‍മാണ ചെലവ് കുറഞ്ഞതും വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്നതുമായ റോഡാണിത്. നിര്‍ദിഷ്ട പാതയുടെ വികസനത്തിന് എന്‍.എച്ചില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തിര പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഇ.കെ വിജയന്‍ എം.എല്‍.എ, ഒ.ആര്‍ കേളു, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, എ.കെ ശശീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചതായി ഇ.കെ വിജയന്‍ എം.എല്‍.എയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."