സനയ്ക്കായി ഉള്ളുരുകി പ്രാര്‍ഥിച്ച് നാട്
രാജപുരം: കളിക്കുന്നതിനിടയില്‍ വീട്ടുമുറ്റത്തു നിന്നു കാണാതായ നാലു വയസുകാരിക്കു വേണ്ടി ഒരു നാട് മുഴുവന്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലാണ്. കുഞ്ഞിനു വേണ്ടി നാടൊന്നിച്ചു തിരച്ചില്‍ തുടരുകയാണ്. പാണത്തൂര്‍ ബാപ്പുങ്കയത്തെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിമിന്റെ മകള്‍ സനാ ഫാത്തിമയെയാണു കാണാതായത്.
പട്ടുവത്തെ അങ്കണവാടിയില്‍ നിന്നു വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഉടനെയാണ് കാണാതായത്. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഊണും ഉറക്കവുമുപേക്ഷിച്ചാണു സനയ്ക്കായി നാടു മുഴുവന്‍ തിരച്ചിലിലേര്‍പ്പെട്ടത്. ഒഴുക്കില്‍പെട്ടുവെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് നിന്നു മഴവെള്ളം ഒഴുകിപ്പോകാന്‍ സ്ഥാപിച്ച പൈപ്പിനു സമീപത്തെ ഓവുചാലില്‍ കുട്ടിയുടെ കുടയും ചെരിപ്പും കണ്ടതാണ് സംശയത്തിനു കാരണം. വ്യാഴാഴ്ച രാത്രി ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരുടെ സഹകരണത്തോടെ തുടങ്ങിയ തിരച്ചില്‍ ഇന്നലെ രാത്രിയും തുടര്‍ന്നു. കനത്ത മഴ തിരച്ചിലിനെ ഏറെ ബാധിച്ചു. പാണത്തൂര്‍ പുഴയില്‍ ബാപ്പുങ്കയം ഭാഗത്തെ കൊല്ലിയിലും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ചിറങ്കടവ് അണക്കെട്ട് പരിസരം,ബളാംതോട് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തി.
ജില്ല പൊലിസ് ചീഫ് കെ.ജി സൈമണ്‍, തഹസില്‍ദാര്‍ രവികുമാര്‍,ഡിവൈ.എസ്.പി കെ. ദാമോദരന്‍, വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍ കുമാര്‍ എന്നിവരും സ്ഥലത്തെത്തിയിിരുന്നു. കാണാതായ കുട്ടിയുടെ വീടും ഇവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."