സഊദി അരാംകോ ആക്രമണം: പിന്നിൽ ഇറാൻ തന്നെയെന്ന് അമേരിക്കയുടെ റിപ്പോർട്ട്
റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ രണ്ടു പ്ലാന്റുകൾക്ക് നേരെ ഇക്കഴിഞ്ഞ സെപ്‌തംബർ പതിനാലിന് നടന്ന ആക്രമണത്തിനു പിന്നിൽ ഇറാൻ തന്നെയാണെന്ന് വ്യക്തമാക്കി അമേരിക്ക വീണ്ടും രംഗത്ത്. ആക്രമണത്തിനെത്തിയ ആയുധങ്ങൾ കടന്നെത്തിയത് ഇറാൻ ഭാഗത്ത് നിന്നാണെന്നു വ്യക്തമാക്കുന്ന ഏറ്റവും പുതിയ അന്വേഷണ റിപ്പോർട്ട് നേരത്തെ കണ്ടെത്തിയ വാദങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ്, ഡ്രോണുകളിലൊന്ന് ആക്രമണം നടന്ന സൈറ്റിന്റെ വടക്കുപടിഞ്ഞാറായി 200 കിലോമീറ്റർ (124 മൈൽ) സഞ്ചരിച്ചതായാണ് പുതിയ കണ്ടെത്തൽ. ഐക്യരാഷ്ട്ര സുരക്ഷാ സമിതിക്ക് മുൻപിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അമേരിക്കയുടെ പരാമർശം.
ആക്രമണത്തിനുപയോഗിച്ച ഡ്രോണുകളും ഐആർഎൻ-05 യുഎവി എന്നറിയപ്പെടുന്ന ആളില്ലാ വിമാനങ്ങളും ഇറാനിയൻ രൂപകൽപ്പന ചെയ്‌തു നിർമ്മിച്ചതും തമ്മിൽ നിരവധി സാമ്യതകൾ ഉള്ളതായതും റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും, ആയുധ അവശിഷ്ടങ്ങളുടെ വിശകലനത്തിൽ അതിന്റെ യഥാർത്ഥ ഉത്ഭവം പൂർണ്ണമായും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ സെപ്‌തംബർ പതിനാലിനാണ് എണ്ണവിപണിയെ നടുക്കിയ ആക്രമണം നടന്നത്. പുലർച്ചെ നാല് മണിയോടെ അരാംകോക്ക് കീഴിലെ ലോകത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ അബ്‌ഖൈഖ് ശുദ്ധീകരണ ശാലയിലും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ തെക്കു പടിഞ്ഞാറ് ഭാഗത്തെ ഖുറൈസിലെ ഹിജ്‌റാത് എണ്ണപ്പാടത്തുമാണ് ഡ്രോൺ, മിസൈൽ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ആഗോള എണ്ണവിതരണത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും കരുതൽ ശേഖരത്തിൽ നിന്നും പുറത്തെടുത്താണ് ഇത് നികത്തിയത്. സംഭവം ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."