തന്നെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധത്തിന് സാഹിത്യകാരന് അഷ്റഫ് അബുല്‍ യസീദ് നേരിട്ടെത്തി; അപൂര്‍വ്വ സംഗമ വേദിയായി കാലിക്കറ്റ് യൂനിവേഴ്സിറ്റി
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബി വിഭാഗത്തില്‍ തന്റെ സാഹിത്യരചനകളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധ അവതാരികയെ അഭിനന്ദിക്കാന്‍ ലോകപ്രസിദ്ധ അറബി സാഹിത്യക്കാരന് നേരിട്ടെത്തി. നോവല്‍, പത്രപ്രവര്‍ത്തനം, കവിത, കഥ തുടങ്ങി അനേകം സാഹിത്യ തലങ്ങളില്‍ പ്രസിദ്ധനായ ഈജിപ്ഷ്യന്‍ സാഹിത്യക്കാരന് അഷ്റഫ് അബുല്‍ യസീദാണ് അറബി വിഭാഗത്തില്‍ ഗവേഷകയായ സബീനയുടെ ഗവേഷക ചര്‍ച്ചയില്‍ പങ്കെടുക്കാനും അഭിനന്ദിക്കാനും നേരിട്ടെത്തിയത്.
ജീവിച്ചിരിക്കുന്നവര്‍ തന്നെ ഗവേഷണ വിഷയമായി വരുന്നത് അസാധാരണമാണ്. അതിലും അത്യപൂര്‍വ്വമാണ് ഗവേഷക വിഷയത്തിന് ആധാരമായ സാഹിത്യകാരന് നേരിട്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്.
മികച്ച അന്താരാഷ്ട്ര മാഗസിന് അല്‍ അറബിയുടെ എഡിറ്ററായി ഒത്തിരി പുതുമകള്‍ അര്‍പ്പിച്ച അഷ്റഫ് ദാലി സാഹിത്യത്തിനുള്ള മാന്ഹെ പുരസ്കാരം നേടിയിട്ടുണ്ട്. ഏഷ്യന്‍ പത്രപ്രവര്‍ത്തക അസോസിയേഷന് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ നോവല്‍ കാമിലിയ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
അഷ്റഫ് ദാലിയുമായുള്ള അഭിമുഖം വായിക്കാം >>> ദാലി കണ്ട ഇന്ത്യ
അദ്ദേഹത്തിന്റെ രചനകള്‍ സ്പാനിഷ്, കൊറിയന്‍, തുര്‍ക്കിഷ്, ഇംഗ്ലീഷ്, റഷ്യന്‍, ഇറ്റാലിയന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തുകഴിഞ്ഞു. 33 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത മികച്ച സഞ്ചാരി കൂടിയായ അഷ്റഫ് ദാലി തന്റെ സഞ്ചാര സാഹിത്യ സമാഹാരങ്ങളും പുറത്തിറക്കിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബി വിഭാഗം മുന്‍ മേധാവിയും കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമവിഭാഗം ഡയറക്ടറുമായ ഡോ. എ.ബി. മൊയ്തീന് കുട്ടിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.
ഫാറൂഖ് കോളജ് അറബി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും റിസര്‍ച്ച് ഗൈഡുമായ ഡോ. അബ്ബാസ് കെ.പിയുടെ ഭാര്യയാണ് സബീന. അദീബ്, ആദില്‍ എന്നിവരാണ് അറബിഭാഷാദമ്പതികളായ അബ്ബാസ്, സബീനയുടെ മക്കള്‍. കോഴിക്കോട് കരുവൊമ്പൈയില് ആണ് സ്വദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."