ഇന്ത്യ-ആസ്‌ത്രേലിയ രണ്ടാമങ്കം ഇന്ന്
പെര്‍ത്ത്: അഡലെയ്ഡിലെ ചരിത്ര വിജയത്തിന്റെ ആവേശവുമായി ഇന്ത്യ ഇന്ന് വീണ്ടും ആസ്‌ത്രേലിയക്കെതിരേ. പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് പെര്‍ത്തില്‍ തുടക്കമാവും. പരമ്പരയിലെ മുന്‍തൂക്കം നിലനിര്‍ത്താന്‍ ഇന്ത്യയും ഒപ്പമെത്താന്‍ ആസ്‌ത്രേലിയയും അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍ പോരാട്ടത്തിന് വീര്യമേറും. അഡലെയ്ഡ് ടെസ്റ്റിലെ വിജയ ടീമില്‍ മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.
രണ്ടാം ടെസ്റ്റിനായി പ്രഖ്യാപിച്ച 13 അംഗ ഇന്ത്യന്‍ ടീമില്‍നിന്ന് ആര്‍. അശ്വിനെയും രോഹിത് ശര്‍മയെയും ഒഴിവാക്കി. പരുക്കിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും പുറത്തിരിക്കേണ്ടി വന്നത്. അഡലെയ്ഡ് ടെസ്റ്റില്‍ ഫീല്‍ഡിങിനിടെ പുറംഭാഗത്തേറ്റ പരുക്കാണ് രോഹിതിന് തിരിച്ചടിയായത്. പേശീവലിവ് അശ്വിന് വിനയായി. അഡലെയ്ഡില്‍ അശ്വിന്‍ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമില്‍ ഇടംപിടിച്ചു. രോഹിതിന്റെ പകരക്കാരനായി ഹനുമ വിഹാരിയും ടീമിലെത്തി. പരുക്ക് കാരണം ആദ്യ ടെസ്റ്റ് നഷ്ടമായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും ടീമിലില്ല.
കരുത്തായി പേസര്‍മാര്‍
പേസര്‍മാര്‍ വിധി നിര്‍ണയിക്കുമെന്ന് കരുതുന്ന പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യയുടെ കരുത്ത് ബൗളിങ് നിരതന്നെ. ഒന്നാം ടെസ്റ്റില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ പേസര്‍മാര്‍ക്ക് പെര്‍ത്തിലും മിന്നിത്തിളങ്ങാമെന്ന ആത്മവിശ്വാസമുണ്ട്. രണ്ട് ഇന്നിങ്‌സിലും ഓസീസ് ബാറ്റിങ് നിരയെ തകര്‍ക്കാന്‍ പേസര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി വീണ 20 വിക്കറ്റുകളില്‍ 14 എണ്ണവും പേസര്‍മാരാണ് സ്വന്തമാക്കിയത്. പേസര്‍മാരെ തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കൊപ്പം പന്തെറിയാന്‍ ഒരു പേസര്‍കൂടി എത്തും. ഭുവനേശ്വര്‍കുമാറോ ഉമേഷ് യാദവോ ടീമില്‍ ഇടംപിടിക്കാനാണ് സാധ്യത. ആദ്യ ടെസ്റ്റില്‍ ഇരുവരും കളിച്ചിരുന്നില്ല.
മാറ്റമില്ലാതെ ഓസീസ്
ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തിരിച്ചടി ഓസീസിനെ ഞെട്ടിച്ചിരുന്നു. പേസര്‍മാര്‍ നല്‍കിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ ആസ്‌ത്രേലിയയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയാതെ പോയി. പേസിനെ തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ പേസര്‍മാരിലാണ് ഓസീസിന്റെ പ്രതീക്ഷ. മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ തന്നെ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കും. സ്വന്തം നാട്ടിലെ പിച്ചിന്റെ കരുത്തറിയുന്ന ഓസീസ് പേസര്‍മാര്‍ പെര്‍ത്തില്‍ തിരിച്ചടിക്കാനുള്ള കാത്തിരിപ്പിലാണ്. വീഴ്ചകള്‍ തിരുത്തി രണ്ടാം ടെസ്റ്റിന് ഇറങ്ങുമെന്നാണ് നായകന്‍ ടിം പെയിന്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഒപ്റ്റസ് ടെസ്റ്റ്
ചരിത്രമാകും
പുതുതായി പെര്‍ത്തില്‍ നിര്‍മിച്ച ഒപ്റ്റസ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ടെസ്റ്റ് പോരാട്ടം ചരിത്രത്തിന്റെ ഭാഗമാവും. മുന്‍പ് രണ്ട് ഏകദിന മത്സരങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് സ്റ്റേഡിയം ഔദ്യോഗികമായി തുറന്നത്. എല്ലാതരത്തിലുള്ള മത്സരങ്ങളും നടത്താന്‍ കഴിയുന്നതാണ് പുതിയ സ്റ്റേഡിയം. ഇവിടെ നടക്കുന്ന ടെസ്റ്റ് വിജയവും തോല്‍വിയും ചരിത്രമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."