സിനിമാ പ്രവര്‍ത്തകര്‍ക്കുനേരേ വാളെടുത്ത് സംഘ് പരിവാര്‍, പ്രതിഷേധക്കാര്‍ക്കു രാജ്യസ്നേഹമില്ലെന്നു കുമ്മനം, രാജ്യസ്നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോ എന്നു കമല്‍
കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്കുനേരേ ഭീഷണിസ്വരവുമായി സംഘ് പരിവാര്‍. കൊച്ചിയില്‍ ഇന്നലെ അരങ്ങേറിയ ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട് എന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ ലോംങ് മാര്‍ച്ചാണ് സംഘ് പരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പൗരത്വ ബില്ലിനെതിരേ സമരം നയിച്ചവര്ക്കൊന്നും രാജ്യ സ്നേഹമില്ലെന്നായിരുന്നു ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ കണ്ടെത്തല്‍. ഇതിനെതിരേ സംവിധായകന് കമല്‍ രംഗത്തെത്തി. സിനിമാക്കാരുടെ രാജ്യസ്നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോ എന്നും ചോദിച്ച കമല്‍ ഭീഷണിപ്പെടുത്താന്‍ വരേണ്ടതില്ലെന്നും ഇത്തരം വിടുവായത്തം കൊണ്ട് ഇങ്ങോട്ടു വരേണ്ടെന്നും കമല്‍ തിരിച്ചടിച്ചു. ഞങ്ങളും ഈ നാട്ടിലെ പൗരന്മാരാണ് സാറെ , സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്ന് വന്നതാണോ എന്നും കമല്‍ ചോദിച്ചു.
ഇന്ത്യമുഴുവന്‍ പ്രതിഷേധിക്കുകയാണ്. കുറെ നാളായി തുടങ്ങിയിട്ട്. പാക്കിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ്. കുമ്മനം രാജശേഖരനെ പോലുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ മറ്റേതെങ്കിലും വേദിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും കമല്‍ മുന്നറിയിപ്പ് നല്കി.
എന്നാല്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാര് ശ്രദ്ധിക്കുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര് വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്സ്, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.
നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പ്രതികാരം എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നാണ് സന്ദീപിന്റെ ഭീഷണി. അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നുമാണ് ചില യുവതാരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് സന്ദീപ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരേയും കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയയും ചലച്ചിത്ര പ്രവര്‍ത്തകരും പ്രതികരിക്കുന്നത്.
എന്നാല്‍ സന്ദീപ് വാര്യരുടെ വാക്കുകളോട് കമല്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. ഞാഞ്ഞൂലുകളോട് മറുപടി പറയേണ്ട കാര്യമില്ല. അതു ഞങ്ങള്‍ സീരിയസായി കണ്ടിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."