കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ ഗവര്‍ണര്‍ വരേണ്ടെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന കാരണത്താല്‍ ഗവര്‍ണര്‍ക്കെതിരേ കര്‍ശന നിലപാടെടുത്ത് കോണ്‍ഗ്രസ്.
നിലപാടിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍നിന്നു ഗവര്‍ണര്‍ ആരിഫ് മഹമ്മദ്ഖാനെ കോണ്‍ഗ്രസ് ഒഴിവാക്കി. രാജ്ഭവനിലെ ഫോണില്‍ വിളിച്ചാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഗവര്‍ണറുടെ ഓഫിസിനെ കോണ്‍ഗ്രസ് അറിയിച്ചത്. തന്നെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഒഴിവാക്കിയ കാര്യം ട്വീറ്റ് ചെയ്ത ഗവര്‍ണര്‍ എതിര്‍ക്കുന്നവരുമായി സംവാദത്തിന് തയാറാണെന്ന് ആവര്‍ത്തിച്ചു. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താന്‍. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ആരുമായും ചര്‍ച്ചക്ക് തയാറാണെന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.
കെ. കരുണാകരന്റെ മകനും എം.പിയുമായ കെ. മുരളീധരന്‍, അനുസ്മരണ ചടങ്ങില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഗവണര്‍ ഉദ്ഘാടകന്‍ ആകുന്നത് ശരിയല്ലെന്ന് രാവിലെ കെ.പി.സി.സിയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍തന്നെ മുരളീധരന്‍ പരസ്യമായി പറഞ്ഞിരുന്നു.
പിന്നാലെ കോണ്‍ഗ്രസ് രാജ്ഭവനോട് വൈകിട്ടുള്ള പരിപാടിയില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ക്ഷണിച്ച പ്രതിപക്ഷ നേതാവിന്റെ ഓഫിസ് തന്നെ രേഖാമൂലം ഇക്കാര്യം ആവശ്യപ്പെടണമെന്ന് രാജ്ഭവന്‍ അറിയിച്ചു. പിന്നാലെയാണ് ചെന്നിത്തലയുടെ ഓഫിസ് പങ്കെടുക്കരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടത്. പിന്നീടാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിന്റെ ആവശ്യം ഗവര്‍ണര്‍ പരസ്യമാക്കി ട്വീറ്റ് ചെയ്തതും സംവാദത്തിനുള്ള സന്നദ്ധത വീണ്ടും അറിയിച്ചതും.
പൗരത്വ രജിസ്റ്റര്‍ കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. പദവിക്ക് അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് കെ. മുരളീധരനും വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."