ഹോട്ടല്‍ ഭക്ഷണ വില: കലക്ടറുടെ പ്രഖ്യാപനം ജലരേഖ; ബില്ലിനെക്കുറിച്ച് 'വിവര'മില്ല!
എന്‍.സി ഷെരീഫ്
മഞ്ചേരി: ഭക്ഷണസാധനങ്ങള്‍ക്കു തോന്നിയ വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കു പിടിവീഴുമെന്ന ജില്ലാ കലക്ടറുടെ പ്രഖ്യാപനം ഫയലിലൊതുങ്ങുന്നു. ജില്ലയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വിലവിവരപ്പട്ടിക ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കലക്ടര്‍ അമിത് മീണ കഴിഞ്ഞ 23ന് അറിയിച്ചിരുന്നു. ഇവിടങ്ങളില്‍ ഭക്ഷണത്തിന്റെ വില പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും നിലവിലുണ്ടെങ്കിലും ജില്ലയിലെ മിക്ക സ്ഥാപനങ്ങളിലും വിലവിവര ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. അതേസമയം, വിവിധയിടങ്ങളില്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഉയരുകയുമാണ്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ പരിശോധിക്കാനും നടപടി സ്വീകരിക്കാനും കലക്ടര്‍ അധ്യക്ഷനായ ജില്ലാതല സമിതി രൂപീകരിച്ചിട്ട് ഇരുപതു ദിവസമായെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ കണ്‍വീനറും ലീഗല്‍ മെട്രോളജി, പൊലിസ്, ആരോഗ്യം, സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായ സമിതിയുടെ നേതൃത്വത്തില്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പരിശോധന നടത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരേ അവശ്യസാധന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചു നടപടി സ്വീകരിക്കുമെന്നായിരുന്നു തീരുമാനം. പച്ചക്കറി, മത്സ്യം, കോഴി, ബീഫ് എന്നിവയുടെ വില കൂടുമ്പോള്‍ അത്തരം ഭക്ഷണവസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ഇവയ്ക്കു വില കുറയുമ്പോള്‍ ഭക്ഷണസാധനങ്ങളുടെ നിരക്ക് കുറക്കാറില്ല. ഊണിനു പല ഹോട്ടലുകളിലും തോന്നിയപോലെയാണ് വില. ഊണിന് 50 രൂപ മുതല്‍ 140 രൂപവരെ വാങ്ങുന്ന ഹോട്ടലുകളുണ്ട്. വെജിറ്റേറിയന്‍ ഹോട്ടലുകളിലും സ്ഥിതി വ്യത്യസ്തമല്ല. അളവിലും ഗുണനിലവാരത്തിലും വ്യത്യാസമില്ലെങ്കിലും വിലനിലവാരത്തില്‍ വലിയ രീതിയിലുള്ള മാറ്റമാണ് നേരിടേണ്ടിവരുന്നത്. പലഹാരങ്ങളുടെ വിലയിലും ചായയുടെ കാര്യത്തിലും വിലക്കയറ്റം പ്രകടമാണ്. ഡിജിറ്റല്‍ ബില്ലിങ് രീതികള്‍ അവലംബിക്കുന്ന ഹോട്ടലുകളില്‍ പാല്‍ ഉപയോഗിക്കാത്ത ചായയ്ക്കു പത്തു രൂപ വരെ വാങ്ങുന്നവരുണ്ട്. നിലവില്‍ അവശ്യസാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയ്ക്കനുസരിച്ച് ഹോട്ടലുകള്‍ സ്വന്തം നിലയ്ക്കു വില കൂട്ടുകയാണ്. ഭക്ഷണപദാര്‍ഥങ്ങളുടെ വിലവിവരം ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്കും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരുമായി ചേര്‍ന്നും പരിശോധന നടത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും അതൊന്നും വിജയം കാണുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."