'സൗരോര്‍ജത്തിലൂടെ അതിജീവനം- ഒരു കൊല്ലം മാതൃക' സെമിനാര്‍ 15ന്
കൊല്ലം: 'സൗരോര്‍ജത്തിലൂടെ അതിജീവനം-ഒരു കൊല്ലം മാതൃക' എന്ന വിഷയത്തില്‍ ക്വയിലോണ്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ 15ന് ഉച്ചക്ക് മൂന്നുമുതല്‍ രാത്രി എട്ടുവരെ കൊല്ലം ബീച്ച് ഹോട്ടലില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ. റിജി ജി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രളയകാലത്ത് വൈദ്യുതി നിലച്ചുപോകുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ സൗരോര്‍ജത്തിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യപ്പെടുക.
പഞ്ചായത്തുകളില്‍ ദുരിതാശ്വാസകേന്ദ്രങ്ങള്‍ കണ്ടെത്തി സോളാര്‍ സംവിധാനത്തിലൂടെ നിലക്കാത്ത വൈദ്യുതി സൗകര്യം ലഭ്യമാക്കുക, കൊണ്ടുനടക്കാവുന്ന തരത്തിലുള്ള മൊബൈല്‍ ചാര്‍ജിങ് സൗകര്യം ഏര്‍പ്പെടുത്തുക, സുനാമി ഫ്‌ളാറ്റുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുക, രക്ഷാ പ്രവര്‍ത്തനത്തിന് ഉപയുക്തമാകും വിധം മത്സ്യബന്ധന യാനങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കുക എന്നിവ ചര്‍ച്ച ചെയ്യപ്പെടും.
ഈ ആശയങ്ങള്‍ക്ക് അനര്‍ട്ട്, പ്ലാനിങ് ബോര്‍ഡ്, ദുരന്തനിവാരണ അതോറിറ്റി എന്നിവിടങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നും ഈ ദിശിയിലുള്ള സംസ്ഥാനത്തെ ആദ്യത്തെ പദ്ധതി കൊല്ലം നഗരത്തില്‍ നടപ്പാക്കുന്നതിന് ക്വയിലോണ്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍കൈ എടുക്കുമെന്നും റിജി ജി. നായര്‍ പറഞ്ഞു. വൈകിട്ട് മൂന്നിന് സമ്മേളനം എം. നൗഷാദ് എം.എല്‍.എയും സമാപന സമ്മേളനം രാത്രി ഏഴിന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും ഉദ്ഘാടനം ചെയ്യും.
മേയര്‍ വി. രാജേന്ദ്രബാബു മുഖ്യാതിഥിയാകും. ഡോ. റിജി ജി. നായര്‍ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ സി. ശ്രീരാജ്, ഡോ. ജെ ശശിധരന്‍പിള്ള, പ്രമോദ് പി മാണി, ജി. ജയചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."