ഗ്യാസ് സ്റ്റൗവില്‍നിന്ന് തീപടര്‍ന്നു: സംസ്ഥാന പാതയോരത്തെ തട്ടുകട കത്തിനശിച്ചു
വടക്കാഞ്ചേരി: ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് തട്ട് കട കത്തിയമര്‍ന്നു. ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ പത്താംകല്ലില് അമ്മാട്ടിക്കുന്ന് കൊരക്കോടന് വീട്ടില്‍ ഹൈദര്‍ നടത്തുന്ന അഡാര്‍ എന്ന പേരിലുള്ള തട്ട് കട യാണ് കത്തിനശിച്ചത്. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.
കട തുറന്ന് എണ്ണ ചൂടാക്കുന്നതിനിടയിലാണ് അപകടം. തീ പടര്‍ന്നപ്പോള്‍ ആളുകള്‍ തട്ടുകടയില്‍ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായി. കടയുടമ ഹൈദര്‍ മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്.
തട്ട് കട പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. ഗ്യാസ് സ്റ്റൗവിലെ ചൂടായ എണ്ണയിലേക്ക് പടര്‍ന്ന തീ മേല്‍ക്കൂരയിലേക്ക് വ്യാപിക്കുകയായിരുന്നു. പനയോല കൊണ്ടുള്ള മേല്‍ക്കൂരയും കടയിലെ സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചു.
ഭക്ഷണ പദാര്‍ഥങ്ങളും അഗ്നിക്കിരയായി. പെട്ടെന്നുണ്ടായ തീപിടുത്തം വാഹനയാത്രക്കാരിലും നാട്ടുകാരിലും ഭീതി പരത്തി.
സംസ്ഥാന പാതയില്‍ 15 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും , നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. എസ്.ഐ കെ.സി രതീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ഹൈവേ പോലിസും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."