യുവമോര്‍ച്ചാ നേതാവിന്റെ ഭീഷണി തള്ളി ബി.ജെ.പി: പ്രകോപനം വ്യക്തിപരമെന്ന് എം.ടി രമേശ്, ഞാഞ്ഞൂലുകളെ സീരിയസായി കണ്ടിട്ടേയില്ലെന്ന് കമല്‍
കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്കുനേരേ ഭീഷണി മുഴക്കിയ യുവമോര്‍ച്ചാ ജനറല്‍ സെക്രട്ടറിയെ ഒടുവില്‍ തള്ളിപ്പറഞ്ഞ് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശാണ് യുവമോര്‍ച്ചാ നേതാവിന്റെ പ്രകോപനപരമായ പരാമര്‍ശത്തെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായത്തിലൊതുക്കി കൈ കഴുകിയത്.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട് എന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ ലോംങ് മാര്‍ച്ചില്‍ പ്രകോപിതനായാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ രംഗത്തെത്തിയത്. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാര്‍ ശ്രദ്ധിക്കുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പ്രതികാരം എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നായിരുന്നു സന്ദീപിന്റെ ഭീഷണി. അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നുമാണ് ചില യുവതാരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് സന്ദീപ് രംഗത്തെത്തിയത്.
എന്നാല്‍ അത് ബി.ജെ.പിയുടെ അഭിപ്രായമല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് എം.ടി രമേശിന്റെ പ്രതികരണം.
എന്നാല്‍ പൗരത്വ ബില്ലിനെതിരേ സമരം നയിച്ചവര്‍ക്കൊന്നും രാജ്യ സ്‌നേഹമില്ലെന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ കണ്ടെത്തലിനെക്കുറിച്ച്. രമേശ് പ്രതികരിച്ചില്ല. കുമ്മനത്തിനെതിരേ സംവിധായകന്‍ കമല്‍ രംഗത്തെത്തിയിരുന്നു. സിനിമാക്കാരുടെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോ എന്നു ചോദിച്ച കമല്‍ ഭീഷണിപ്പെടുത്താന്‍ വരേണ്ടതില്ലെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത്തരം വിടുവായത്തം കൊണ്ട് ഇങ്ങോട്ടു വരേണ്ടെന്നും കമല്‍ ഓര്‍മിപ്പിച്ചു.
ഇന്ത്യമുഴുവന്‍ പ്രതിഷേധിക്കുകയാണ്. കുറെ നാളായി തുടങ്ങിയിട്ട്. പാക്കിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ്. കുമ്മനം രാജശേഖരനെ പോലുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ മറ്റേതെങ്കിലും വേദിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും കമല്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ സന്ദീപ് വാര്യരുടെ വാക്കുകളോട് ഞാഞ്ഞൂലുകളോട് മറുപടി പറയേണ്ട കാര്യമില്ല. അതു ഞങ്ങള്‍ സീരിയസായി കണ്ടിട്ടുമില്ല. എന്നായിരുന്നു കമലിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."