ന്യൂനപക്ഷക്ഷേമ വകുപ്പ് കോച്ചിങ് സെന്റര്‍ ശുചിമുറി നഗരസഭ കൈയേറിയെന്ന് ആക്ഷേപം
കല്‍പ്പറ്റ: നഗരസഭയിലെ പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമമവകുപ്പ് കോച്ചിങ് സെന്ററിന് നല്‍കിയ ടോയ്‌ലറ്റ് നഗരസഭ കൈയേറിയെന്ന് ആക്ഷേപം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പിന് നഗരസഭ സൗജന്യമായി നല്‍കിയതായിരുന്നു പഴയ ബസ് സ്റ്റാന്‍ഡിന്റെ ഒന്നാം നിലയില്‍ ടോയ്‌ലറ്റ് അടക്കമുള്ള 2500 സ്‌ക്വയര്‍ഫീറ്റ് സ്ഥലം. ഇവിടെ മികച്ച രീതിയിലാണ് കോച്ചിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
അതിനിടെയാണ് ബസ് സ്റ്റാന്‍ഡില്‍ താഴെയുണ്ടായിരുന്ന ടോയ്‌ലറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭ പൊളിച്ചുമാറ്റിയത്. തുടര്‍ന്ന് കോച്ചിങ് സെന്റര്‍ അധികൃതരെ അറിയിക്കുക പോലും ചെയ്യാതെ നഗരസഭാ അധികൃതര്‍ അവര്‍ക്ക് അനുവദിച്ച് നല്‍കിയിരുന്ന ടോയ്‌ലറ്റ് കൈവശപ്പെടുത്തുകയായിരുന്നു. ഇവിടെ ഇപ്പോള്‍ പണം നല്‍കിയാണ് ആളുകള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത്.
കോച്ചിങ് സെന്ററിലെ കുട്ടികള്‍ക്ക് സൗജന്യമായും ഉപയോഗിക്കാന്‍ നല്‍കുന്നുണ്ട്. എന്നാല്‍ രണ്ട് ബാച്ചുകളിലായി 200 കുട്ടികള്‍ പഠിക്കുന്ന കോച്ചിങ് സെന്ററില്‍ 160ഉം പെണ്‍കുട്ടികളാണ്. ഇവര്‍ക്ക് പലരീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ടോയ്‌ലറ്റ് പൊതുവാക്കിയതിലൂടെ ഉണ്ടായിരിക്കുന്നത്. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള നടപടികളും ഇവിടെ ചിലരില്‍ നിന്നുണ്ടായതായി ആക്ഷേപമുയരുന്നുണ്ട്. ഒരു കുട്ടിയെ ശാരീരികമായി അപമാനിച്ച സംഭവവും ഉണ്ടായി. വെള്ളമില്ലാത്ത സമയത്ത് ടോയ്‌ലറ്റ് അടച്ചിടുകയാണ് പതിവ്. ഇത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസം ടോയ്‌ലറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് ഉപയോഗിക്കാനെത്തിയവരില്‍ ഒരാള്‍ കോച്ചിങ് സെന്ററിലെത്തുകയും ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി.
ഇത് പിന്നീട് പൊലിസ് ഇടപെട്ടാണ് പറഞ്ഞ് തീര്‍ത്തത്. ഇത്തരത്തില്‍ നിരവധി ദുരനുഭവങ്ങളാണ് ടോയ്‌ലറ്റ് നഗരസഭ കൈവശപ്പെടുത്തിയ ഒരു മാസത്തിനുള്ളില്‍ കോച്ചിങ് സെന്റര്‍ അധികൃതര്‍ക്കും പഠിതാക്കള്‍ക്കും ഉണ്ടായത്. സാമൂഹിക വിരുദ്ധരും ടോയ്‌ലറ്റിനെ മലീമസമാക്കിയിട്ടുണ്ട്. മദ്യക്കുപ്പികളടക്കം വലിച്ചെറിഞ്ഞ നിലയിലാണ് ടോയ്‌ലറ്റിന്റെ നിലവിലെ അവസ്ഥ.
ഇക്കാലത്ത് പഴയ ടോയ്‌ലറ്റ് പൊളിച്ച് നീക്കുമ്പോള്‍ ബയോ ടോയ്‌ലറ്റ് അടക്കമുള്ള സംവിധാനങ്ങളെ കുറിച്ച് ആലോചിച്ച് നടപ്പില്‍ വരുത്താന്‍ നഗരസഭക്ക് ആവുമായിരുന്നു.
എന്നാല്‍ അതിന് പകരം മുന്‍ഭരണസമിതി ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് വിട്ട് നല്‍കിയ ടോയ്‌ലറ്റ് പിടിച്ചെടുക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായത്. സ്വകാര്യ കോച്ചിങ് സെന്ററുകളെ സഹായിക്കാനുള്ള നിലാപാടാണ് ഇതിന് പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."