കോണ്‍ഗ്രസ് നാളെ രാജ്ഭവനിലേക്ക് റാലി നടത്തും
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജന്മദിനമായ ശനിയാഴ്ച കെ.പി.സി.സിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിക്കും. രാജ്യത്തെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തയാണ് റാലി നടത്തുന്നതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം രാവിലെ 10ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പതാകയും, ഗാന്ധിജിയുടേയും ബി.ആര്‍ അംബേദ്ക്കറുടേയും ചിത്രങ്ങളും പിടിച്ച്, ഗാന്ധിത്തൊപ്പി ധരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടക്കും. പ്രതിഷേധ സംഗമം രാജ്ഭവന് മുന്നില്‍ മുന്‍ ആഭ്യന്തര, ധനകാര്യ മന്ത്രി പി.ചിദംബരം എം.പി ഉദ്ഘാടനം ചെയ്യും.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ ജനുവരി ഒന്നിനും 10നും ഇടക്ക് അവരവരുടെ ലോക്‌സഭാ മണ്ഡലങ്ങളില്‍ പദയാത്രയും നടത്തും. ഡി.സി.സികളുടേയും പാര്‍ട്ടി ഘടകങ്ങളുടേയും സഹകരണത്തോടെ മതേതരവിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെ വരെയാണ് എം.പിമാര്‍ മണ്ഡലങ്ങളില്‍ പദയാത്ര നടത്തുക.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോണ്‍ഗ്രസ് നടത്തുന്ന സമരപരിപാടികളുടെ തുടര്‍ച്ചയാണ് എം.പിമാരുടെ പദയാത്ര.
ജനുവരി 20 മുതല്‍ ഡി.സി.സി പ്രസിഡന്റുമാര്‍ പദയാത്ര നടത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."