രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വര്‍ധിച്ചു: വി.കെ ശ്രീകണ്ഠന്‍ എം.പി
പ്രത്യേക ലേഖകന്‍
പാലക്കാട്: പുതിയ സാഹചര്യത്തില്‍ രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വര്‍ധിച്ചതായി വി.കെ ശ്രീകണ്ഠന്‍ എം.പി. ഭയവും ആശങ്കയും നിറഞ്ഞ അന്തരീക്ഷത്തിലാണ് നാമിന്നു ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറം സംസ്ഥാന സംഗമം മലമ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതയ്ക്കും ദേശസ്‌നേഹത്തിനും പുത്തന്‍ വ്യാഖ്യാനങ്ങള്‍ വന്നിരിക്കുന്നു. പത്രപ്രവര്‍ത്തനത്തിലും ഈ വ്യാഖ്യാനങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ചരിത്രത്തെ തിരുത്താന്‍ ഭരണകൂടം തിടുക്കം കൂട്ടുമ്പോള്‍ ഭൂരിപക്ഷം മാധ്യമങ്ങളും അവര്‍ക്ക് വഴങ്ങുന്നുവെന്ന ദുഃഖകരമായ സാഹചര്യമുണ്ട്. ഒരു വിഭാഗം കള്ളം പ്രചരിപ്പിക്കുമ്പോള്‍, കള്ളവും സത്യവും വേര്‍തിരിച്ചെടുക്കാനാവാതെ ജനം കുഴങ്ങുകയാണ്.
അതുകൊണ്ടുതന്നെ മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ ബഹുസ്വരതക്കെതിരെയുള്ള കടന്നാക്രമണത്തിനെതിരെ ജനകീയ പ്രതിരോധം സര്‍വശക്തിയും ആര്‍ജിക്കേണ്ട ഘട്ടമാണിത്. ഇത്തരമൊരു അവസ്ഥയില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉത്തരവാദിത്വവും കടമയുമുണ്ട്. രാജ്യത്തെ വര്‍ത്തമാനകാല മാധ്യമ സാഹചര്യം പുതിയ രാഷ്ട്രീയ സാഹചര്യം പോലെ തന്നെ ആശങ്കാകുലമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മുന്‍കാല ചരിത്രം മറന്നുപോകുന്നതുകൊണ്ടാണെന്നും രാജ്യം ഇത്തരം ശക്തികളില്‍നിന്ന് മുക്തമാകുകതന്നെ ചെയ്യുമെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."