നിയമം ലംഘിക്കാന്‍ ട്രംപ് നിര്‍ദേശിച്ചു
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ കുരുക്കിലാക്കുന്ന ശക്തമായ ആരോപണങ്ങളുമായി മുന്‍ അഭിഭാഷകന്‍ വീണ്ടും രംഗത്ത്. നിയമം ലംഘിച്ച് സാമ്പത്തിക ഇടപെടല്‍ നടത്താന്‍ ട്രംപ് തന്നോട് നിര്‍ദേശിച്ചെന്ന് മൈക്കല്‍ കോഹന്‍ ആരോപിച്ചു. മൂന്നുവര്‍ഷത്തെ തടവുശിക്ഷാ വിധി പുറത്തുവന്നതിനു ശേഷം എ.ബി.സി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കോഹന്‍ ആരോപണമുന്നയിച്ചത്.
എന്നാല്‍, ആരോപണം നിഷേധിച്ച് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. രഹസ്യ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തന്നോട് ആവശ്യപ്പെട്ടത് ട്രംപാണ്. ട്രംപ് അറിയാതെ പ്രചാരണരംഗത്ത് ഒന്നും നടക്കുമായിരുന്നില്ല. ട്രംപിന്റെ അവിഹിതബന്ധം പുറത്തുവിടാതിരിക്കാന്‍ രണ്ടു സ്ത്രീകള്‍ക്ക് പ്രചാരണ കാംപയിനിന്റെ പണം നല്‍കാന്‍ അന്ന് ട്രംപ് തന്നോട് നിര്‍ദേശിച്ചു.
സംഭവം തന്റെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ട്രംപിന് നന്നായി ആശങ്കയുണ്ടായിരുന്നു. ട്രംപ് പറയുന്ന ഒന്നും അമേരിക്കന്‍ ജനതയും ലോകവും വിശ്വസിക്കരുത്. അയാള്‍ സത്യം പറയില്ല. അയാളുടെ വൃത്തികെട്ട പ്രവൃത്തികള്‍ക്ക് താന്‍ ഉത്തരവാദിത്തമേറ്റെടുക്കേണ്ടി വരുന്നത് ഖേദകരമാണ് എന്നും അഭിമുഖത്തില്‍ കോഹന്‍ പറഞ്ഞു.
അതേസമയം, താന്‍ നിയമം ലംഘിക്കാന്‍ കോഹനോട് ഒരിക്കലും നിര്‍ദേശിച്ചിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു.
അദ്ദേഹമൊരു അഭിഭാഷകനാണ്. നിയമത്തെ കുറിച്ച് അദ്ദേഹത്തിന് അറിയേണ്ടതാണ്. ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം അഭിഭാഷകനാണ്. അതിനാണ് അവര്‍ക്കു പണം നല്‍കുന്നത് എന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മാന്‍ഹാട്ടന്‍ കോടതി 52കാരനായ മൈക്കല്‍ കോഹന് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട്, അന്വേഷണ സംഘത്തെയും രാജ്യത്തെയും കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."