കാന്‍സര്‍ മുക്ത മുക്കം: നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
മുക്കം: മുക്കം നഗരസഭയെ സമ്പൂര്‍ണ കാന്‍സര്‍ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'അതിജീവനം' പദ്ധതി അവസാനഘട്ടത്തിലേക്ക്. നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രോഗ ലക്ഷണങ്ങള്‍ കണ്ടത്തിയവര്ക്കും വളണ്ടിയര്‍മാര്‍ക്കുമായി ഫില്‍റ്റര്‍ ക്യാംപ് എന്ന പേരില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
മാമ്പറ്റ കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടന്ന ക്യാംപ് നഗരസഭ ചെയര്മാന് വി. കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. പ്രശോഭ് കുമാര്‍ അധ്യക്ഷനായി. ടി.ടി സുലൈമാന്‍, മുക്കം വിജയന്, പി.ടി ബാബു, പി. ഗിരിജ, എന്‍.കെ ഹരീഷ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. മോഹനന്, ഡോ. വി.പി രവീന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടേയും വടകര എക്സാസ് പരിശീലന കേന്ദ്രത്തിന്റേയും നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്. ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണ പരിപാടികളാണ് നഗരസഭയുടെ നേതൃത്വത്തില്‍ നടന്നത്. തുടര്‍ന്ന് സര്‍വേ നടത്തി രോഗലക്ഷണമുള്ളവരെ കണ്ടെത്തി.
മൂന്നാം ഘട്ടത്തില്‍ പ്രവര്‍ത്തനം ക്രോഡീകരിച്ച് നാലാം ഘട്ടത്തില്‍ പൂര്‍ണമായും രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. അവസാന ഘട്ടത്തില്‍ മെഗാ മെഡിക്കല്‍ ക്യാംപും സമ്പൂര്‍ണ ചികിത്സാ പദ്ധതിയുമാണ് നഗരസഭ ഉദ്ദേശിക്കുന്നത്. പദ്ധതി പൂര്‍ണമായും നടപ്പിലാവുന്നതോടെ നഗരസഭ കാന്‍സര്‍ രോഗത്തില്‍ നിന്നും പുര്‍ണമായും മുക്തമാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."