പുറമേരിയില്‍ കെട്ടിടത്തിനു ബോംബേറ്
എടച്ചേരി: പുറമേരി ടൗണ്‍ പരിസരത്തെ നായനാര്‍ സ്മാരക ലോക്കല്‍ കമ്മിറ്റി ഓഫിസിനോട് ചേര്‍ന്ന കെട്ടിടത്തിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. സി.പി.എം പുറമേരി ലോക്കല്‍ സെക്രട്ടറി കെ.ടി.കെ ബാലകൃഷ്ണന്റെ എല്‍.ഐ.സി ഓഫിസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെയാണ് വ്യാഴാഴ്ച രാത്രി ബോംബ് എറിഞ്ഞത്. റോഡില്‍ നിന്നെറിഞ്ഞ ബോംബ് ഓഫിസിന്റെ ചുമരില്‍ പതിച്ച് പൊട്ടുകയായിരുന്നു. സ്റ്റീല്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ചുമരില്‍ ദ്വാരം രൂപപ്പെട്ട നിലയിലാണ്. ഓഫിസിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു. റോഡില്‍ നിന്നും കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഉഗ്ര ശേഷിയുള്ള ബോംബാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്കല്‍ കമ്മിറ്റി ഓഫിസ് പൂട്ടിയതിന് ശേഷം ബാലകൃഷ്ണന് ഏറെ സമയം സമീപത്തെ സ്വന്തം ഓഫിസില്‍ ഉണ്ടാകാറുണ്ടെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. ഇത് അറിഞ്ഞ അക്രമിസംഘം ലോക്കല്‍ സെക്രട്ടറിയെ അപായപ്പെടുത്താനുള്ള നീക്കമാണ് നടത്തിയതെന്നും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു. നാദാപുരം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."