പൗരത്വ വിഷയം: മനുഷ്യച്ചങ്ങലയില്‍ യു.ഡി.എഫിനെ കണ്ണികളാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ യു.ഡി.എഫിനെ കൂടി പങ്കാളിയാക്കാന്‍ സര്‍ക്കാര്‍.
ജനുവരി 26 ന് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്ന മനുഷ്യച്ചങ്ങലയില്‍ കൂടുതല്‍ പേരെ അണിനിരത്തുന്നതിനായി സംസ്ഥാനത്ത് സമിതി രൂപീകരിക്കാനുമാണ് സി.പി.എമ്മിന്റെ തീരുമാനം.
നവോത്ഥാനസംരക്ഷണ സമിതിയുടെ മാതൃകയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി ഭരണഘടനാ സംരക്ഷണ സമിതിക്ക് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതു സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. ഈ നിര്‍ദേശം മുഖ്യമന്ത്രി നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മുന്നോട്ടുവയ്ക്കും.
പൗരത്വവിഷയത്തില്‍ ആദ്യസമരം സംയുക്തമായി നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെങ്കിലും പിന്നീട് കോണ്‍ഗ്രസിലും യു.ഡി.എഫിലും എതിര്‍പ്പ് പ്രകടമായതോടെ എല്‍.ഡി.എഫ് നേതൃത്വത്തില്‍ ജനുവരി 26 ന് മനുഷ്യച്ചങ്ങല നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സംയുക്ത പ്രതിഷേധത്തോട് അനുകൂലമായി കോണ്‍ഗ്രസിനുള്ളിലും മുസ്‌ലിം ലീഗ് അടക്കമുള്ള യു.ഡി.എഫ് കക്ഷികളില്‍നിന്നു പ്രതികരണങ്ങള്‍ വന്നതോടെയാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്.
നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തിലേക്ക് രാഷ്ട്രീയ കക്ഷികള്‍ക്കു പുറമേ മത-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങലയില്‍ എസ്.ഡി.പി.ഐയും വെല്‍ഫെയര്‍പാര്‍ട്ടിയും ഒഴികെയുള്ള എല്ലാ മതനിരപേക്ഷ കക്ഷികളും പങ്കാളികളാകണമെന്നും യു.ഡി.എഫ് കക്ഷികള്‍ ഉള്‍പ്പടെ യോജിച്ച് പോകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ പറഞ്ഞു.
എന്നാല്‍ ഇടതുമുന്നണിക്ക് ഒപ്പം സംയുക്തസമരം എന്നതിനേക്കാള്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ബദല്‍ ഐക്യനിര സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
മുസ്‌ലിം ജനവിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള വലിയ വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രത്തില്‍ വീഴേണ്ടതില്ലെന്ന അഭിപ്രായമാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗം നേതാക്കള്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തിലൂടെ രാഷ്ട്രീയനേട്ടം കൊയ്യുന്നത് തടയാനാണ് നാളെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം സമാന്തരമായി വിളിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്കാണ് പ്രതിപക്ഷനേതാവ് യോഗം വിളിച്ചിരിക്കുന്നത്. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്നും എന്നാല്‍ എല്‍.ഡി.എഫിന്റെ മനുഷ്യച്ചങ്ങലയില്‍ പങ്കാളികളാകുകയില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ വ്യക്തമാക്കി.
ജനുവരി 18 ന് കോഴിക്കോട് കടപ്പുറത്ത് മഹാറാലി സംഘടിപ്പിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ നടത്തുന്ന സമരങ്ങള്‍ ഏകോപിപ്പിച്ച് മറ്റുസംഘടനകളുടെ കൂടി സഹകരണത്തോടെ ബഹുജനമുന്നേറ്റമാക്കാനാണ് യു.ഡി.എഫും ലക്ഷ്യം വയ്ക്കുന്നത്.
സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷനേതാവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരേ സമരം ചെയ്യുന്നതിനായി മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചതിനെതിരേ ബി.ജെ.പി രംഗത്ത് വന്നിട്ടുണ്ട്.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേന്ദ്രസര്‍ക്കാരിനെതിരേ സമരം ചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഐക്യനിരയ്ക്കായി യോഗം വിളിക്കുകയും ബി.ജെ.പി ഇരുവര്‍ക്കുമെതിരേ രംഗത്തു വരികയും ചെയ്യുന്നതോടെ നാളെ നടക്കുന്ന സര്‍വകക്ഷിയോഗം നിര്‍ണായകമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."