ബ്രഹ്മപുരത്തെ പുതിയ പ്ലാന്റിന് മൂന്നു മാസത്തിനുള്ളില്‍ തുടക്കമാകും
കൊച്ചി: മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബ്രഹ്മപുരത്തെ പുതിയ പ്ലാന്റിന് മൂന്നു മാസത്തിനുള്ളില്‍ തുടക്കം കുറിക്കും. ഒന്നര വര്‍ഷത്തിനുളളില്‍ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകും. നിര്‍മാണം തുടങ്ങി എട്ടു മാസത്തിനകം മാലിന്യ സംസ്‌കരണം ആരംഭിക്കാന്‍ കഴിയുമെന്ന് പുതിയ പ്ലാന്റിന്റെ നടത്തിപ്പുകാരായ ജി.ജെ ഇക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പി.ആര്‍.ഹെഡ് അമിത് വിശ്വനാഥ് പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സിലും എറണാകുളം വൈ.എം.സി.എയും സംയുക്തമായി ബ്രഹ്മപുരത്തെ പുതിയ പ്ലാന്റിനെ കുറിച്ച് നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ സൗമിനി ജെയിന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി തോമസ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പുതിയപ്ലാന്റില്‍ മാലിന്യമെത്തിക്കുന്നതിന് നിലവിലുള്ള സംവിധാനത്തിലൂടെ തന്നെയായിരിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. നിലവില്‍ ബ്രഹ്മപുരത്ത് നഗരസഭയിലെയും ആലുവ, തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റിയിലെയും ഉള്‍പ്പടെ 200 ടണ്‍ വരെ മാലിന്യമാണ് നിത്യേന സംസ്‌കരിക്കുന്നത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സമീപ പഞ്ചായത്തുകളിലെയും മാലിന്യം ഇവിടെ സംസ്‌കരിക്കാമെന്ന് മേയര്‍ പറഞ്ഞു.
പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി യൂനിറ്റിന് 15 രൂപ നിരക്കില്‍ കെ.എസ്.ഇ.ബിക്ക് വില്‍ക്കാനാണ് നഗരസഭയുടെ തീരുമാനം. ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് 430 യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.
അതേമസയം പ്ലാന്റ് നിര്‍മാണത്തിനുള്ള അനുമതികള്‍ ഇനിയും ലഭിക്കാനുണ്ടെന്നും നിര്‍മാണത്തിനുള്ള സ്ഥലം കരഭൂമിയാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."