കാഷ്യൂകോര്‍പ്പറേഷന്‍ എം.ഡി നിയമനം: സി.പി.എമ്മിലെ ഭിന്നത കെട്ടടങ്ങുന്നില്ല
കൊല്ലം: ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്.പിയായിരുന്ന ടി.എഫ് സേവ്യറിനെ കാഷ്യൂ കോര്‍പ്പറേഷന്‍ എം.ഡിയായി നിയമിച്ചതിനെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നത സി.പി.എമ്മില്‍ കെട്ടടങ്ങിയിട്ടില്ല.
കോര്‍പ്പറേഷനില്‍ നേരത്തേ എം.ഡിയായിരുന്ന കെ.എ രതീഷിനെതിരെ നിലപാടെടുത്തവര്‍ തന്നെയാണ് ടി.എഫ് സേവ്യറിന്റെ നിയമനത്തിലും പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. പുതിയ എം.ഡിക്കെതിരെയും നിരവധി ആരോപണങ്ങളാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. കശുവണ്ടിവ്യവസായ വകുപ്പു മന്ത്രികൂടിയായ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുവാണ് ടി.എഫ് സേവ്യര്‍. ഇദ്ദേഹത്തെ എം.ഡിയാക്കുന്നതു പാര്‍ട്ടിയിലെ ഒരു വിഭാഗം ഇടപെട്ടു താമസിപ്പിക്കുകയായിരുന്നു. എന്നാല്‍ കാഷ്യൂ കോര്‍പ്പറേഷന്‍ വ്യവസായ വകുപ്പിനു കീഴിലായതിനാല്‍ മന്ത്രി ഇ.പി ജയരാജന്റേതായിരുന്നു അവസാന വാക്ക് എന്നാണ് അറിയുന്നത്.
എന്നാല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി കൊല്ലത്തു നിന്നുള്ള പ്രമുഖ സി.പി.എം നേതാവിനെ നിയമിക്കാനുള്ള നീക്കത്തിനു എം.ഡിയുടെ നിയിമനം തടയിട്ടതായാണു സൂചന. ഔദ്യോഗിക പക്ഷത്തെ ജില്ലയില്‍ നിന്നുള്ള പ്രമുഖന്‍ കൂടിയായ നേതാവിനെ ചെയര്‍മാനാക്കാന്‍ വ്യവസായ വകുപ്പിലെ ഒരു പ്രധാനിക്കു താല്‍പ്പര്യമില്ലെന്നാണ് വ്യവസായ വകുപ്പിനോടടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഇതനുസരിച്ചു കണ്ണൂരില്‍ നിന്നുള്ള നേതാക്കളെ ആരെയെങ്കിലും കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കാനാണ് ആലോചന. ഇതിനിടെ കൊല്ലം റൂറല്‍ എസ്.പി അജിതാ ബേഗത്തെ കൊല്ലം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്.പിയായി നിയമിച്ചേക്കും.
സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ്ബിനോയുടെ ഭാര്യയാണ് അജിതാ ബേഗം. അതനുസരിച്ചാണ് ടി.എഫ് സേവ്യറിന്റെ പുതിയ നിയമനവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."