നിയമവിരുദ്ധമായി ഓടിച്ചുവന്ന 16 ടാങ്കറുകള്‍ തടഞ്ഞ് പൊലിസിലേല്‍പിച്ചു
തേഞ്ഞിപ്പലം: അധികാരികളുടെ അനാസ്ഥ തുടര്‍ന്നാല്‍ ഹൈവേ ഉപരോധിക്കുമെന്ന് ജനകീയ സമര സമിതി നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഐ.ഒ.സിയുടെ നിയമലംഘന വാഴ്ചകളുടെ കൂടുതല്‍ തെളിവുകള്‍ വിവരാവകാശ നിയമ പ്രകാരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് ശേഷം സമരസമിതി നേതാക്കളും നാട്ടുകാരും ചേര്‍ന്ന് നിയമ വിരുദ്ധമായി ഓടിച്ച് വന്ന 16 ടാങ്കറുകള്‍ തടഞ്ഞ് തേഞ്ഞിപ്പലം പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.
എന്നാല്‍ കേവലം ആറ് ടാങ്കറുകള്‍ക്ക് മാത്രം പിഴയീടാക്കി വിട്ടയക്കുകയാണുണ്ടായതെന്ന് സമര സമിതി നേതാക്കള്‍ ആരോപിച്ചു. അധികാരികളുടെ അനാസ്ഥ മൂലം ടാങ്കര്‍ ലോറികളുടെ അഴിഞ്ഞാട്ടം തുടരുകയാണെങ്കില്‍ ഹൈവേ ഉപരോധമടക്കമുള്ള സമരമുറകളിലേക്ക് നീങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലാ കലക്ടറേയും പോലീസ് മേധാവിയേയും നേരില്‍ കണ്ട് ഇക്കാര്യം ബോധിപ്പിച്ചതായും അവര്‍ പറഞ്ഞു.
യോഗത്തില്‍ പി.എം മുഹമ്മദലി ബാബു അധ്യക്ഷനായി. സന്തോഷ്, റഷീദ് മൗലവി, കെ മുഹമ്മദ് ബാബു, സലീം കെ പി, റഫീഖ് പി, ഹനീഫ ഹാജി, എം. ഷരീഫ് , മീര്‍ ചേളാരി, ഹനീഫ പാണമ്പ്ര എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."