ആസിഡ് ആക്രമണത്തിന് ഇരയായ ദലിത് പൂജാരിയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു
പാലക്കാട്:ആസിഡ് ആക്രമണത്തിന് ഇരയായ ദലിത് പൂജാരിയെ ജോലിയില്‍ നിന്ന് ക്ഷേത്ര കമ്മിറ്റിക്കാര്‍ പിരിച്ചു വിട്ടു. പട്ടാമ്പി വിളയൂര്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഏലംകുളം സ്വദേശി ബിജു നാരായണനെ(32)യാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ ക്ഷേത്രകമ്മിറ്റി ജോലിയില്‍ നിന്ന് മാറ്റിയത്.
ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നത് ദലിതനാണെന്ന് പത്രമാധ്യമങ്ങളിലൂടെ പരസ്യമായതോടെയാണ് ക്ഷേത്ര കമ്മിറ്റി ബിജു നാരായണനെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. ഇന്ത്യയില്‍ തന്നെ ഒരു ദേവസ്വത്തിന്റെ അംഗീകാരം ലഭിച്ച ഏക പട്ടിജാതിക്കാരനായ തന്ത്രിക്കാണ് സ്വന്തം ജാതി പരസ്യമായതിനെ തുടര്‍ന്ന് ജോലി നഷ്ടമാകുന്നത്. കഴിഞ്ഞ ജൂണ്‍ ഏഴിന് പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ജോലിക്കായി പോകവെയാണ് ഒരാള്‍ ശാന്തിക്കാരനായ ബിജു നാരായണന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്. പൊള്ളലേറ്റ ഇദ്ദേഹം ആഴ്ചകളോളം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആദ്യ ദിവസം മാത്രമാണ് ക്ഷേത്രകമ്മിറ്റിയില്‍ നിന്നും രണ്ട് പേര്‍ ബിജുനാരായണനെ ചെന്ന് കണ്ടത്. പിറ്റേന്ന് തന്നെ പകരം ക്ഷേത്രത്തില്‍ ബ്രാഹ്മണനായ ഒരു തമിഴ്‌നാട് സ്വദേശിയെ പൂജാരിയായി നിയമിച്ചു. ഒന്നരവര്‍ഷമായി ജോലി ചെയ്തിരുന്ന ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യം ക്ഷേത്ര കമ്മിറ്റിക്കാര്‍ അറിയിച്ചില്ല.
നേരത്തെ എന്നെ ശാന്തിക്കാരനായി നിയമിച്ച കമ്മിറ്റിയല്ല ഇപ്പോഴുള്ളത്. താന്‍ ദലിതനായിരുന്നു എന്ന കാര്യം ഇപ്പോഴത്തെ ക്ഷേത്ര കമ്മിറ്റിയില്‍ ഒന്ന് രണ്ട് പേര്‍ക്ക് മാത്രമാണ് അറിയുന്നത്. ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ ശേഷം ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ച ദിവസമാണ് ചില ക്ഷേത്രകമ്മിറ്റിക്കാര്‍ വന്ന് കണ്ടത്. അന്നു തന്നെയാണ് ഞാന്‍ ദലിത് പൂജാരിയാണ് എന്ന് കാണിച്ച് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.
വാര്‍ത്ത വന്നതിന് ശേഷമാണ് ഞാന്‍ പട്ടികജാതിക്കാരന്‍ ആണെന്ന് കമ്മിറ്റിയും നാട്ടിലും പരസ്യമാകുന്നത്. പട്ടികജാതിക്കാരന്‍ പൂജാരിയാകുന്നത് ക്ഷേത്രത്തിന് കുറച്ചില്‍ വരുത്തുമെന്നും ഭക്തര്‍ കുറയുമെന്നും ചിലര്‍ക്ക് തോന്നി കാണാം. എന്നെ ഒഴിവാക്കി പകരം പുതിയ ആളെ വെക്കുന്നത് പോലും അറിയിച്ചില്ല. അപകടം പറ്റിയ ജൂണില്‍ ആകെ അഞ്ച് ദിവസമാണ് ജോലി ചെയ്തത്. ഒരു ദിവസം ലീവായിരുന്നു. ഏഴിന് പുലര്‍ച്ചെ എനിക്കെതിരേ ആക്രമണം നടക്കുകയും ചെയ്തു. ആ മാസത്തെ കുറച്ച് ശമ്പള ബാക്കിയള്ളത് പോലും തന്നിട്ടില്ലെന്ന് ബിജു നാരായണന്‍ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസം ബോര്‍ഡിന്റെ അംഗീകൃത തന്ത്രിമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏക പട്ടിക ജാതിക്കാരനായ ഞാന്‍ ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ഏക തന്ത്രിയാണ്. ഞാന്‍ തന്ത്രിയായപ്പോള്‍ നേരത്തെ എന്നെപറ്റി ചില ചാനലുകാരും പത്രങ്ങളും വാര്‍ത്ത നല്‍കി നല്‍കിയിരുന്നു. പക്ഷെ ആ തന്ത്രിയാണ് ഞാനെന്ന് കമ്മിറ്റിക്കാര്‍ അറിഞ്ഞു കാണില്ല. ജന്മം കൊണ്ട് ബ്രാഹ്മണരായ തന്ത്രിമാര്‍ക്ക് അവരുടെ ജാതി പേരിനൊപ്പം വെളിപ്പെടുത്താം. നാരായണന്‍ നമ്പൂതിരി, ഭട്ടതിരി എന്നൊക്കെ. എന്നാല്‍ താണ ജാതിക്കാരന്‍ തന്ത്രിയായാല്‍ പേരിനൊപ്പം ജാതി വെളിപ്പെടുത്തരുത് എന്നുള്ളതിനാല്‍ ഞാന്‍ ജാതി പറഞ്ഞിരുന്നില്ല. എന്നെ ജാതി അറിയാതെ അവര്‍ നിയമിച്ചു, ജാതി അറിഞ്ഞപ്പോള്‍ പുറത്താക്കി. ഒരു പക്ഷെ എന്നെ ആക്രമിച്ചയാളും ഇത്രയെ ഉദ്ദേശിച്ചു കാണൂ, എന്നാല്‍ രണ്ടുമാസമായിട്ടും പൊലിസ് എന്നെ ആക്രമിച്ച പ്രതിയെ പിടികൂടിയിട്ടില്ല.
ഇന്ത്യയില്‍ തന്നെ ദേവസ്വം ബോര്‍ഡ് അംഗീകരിച്ച പട്ടികജാതിക്കാരനായ തന്ത്രിയാണ് ഞാന്‍. ഇന്ത്യയില്‍ ഒരു ക്ഷേത്രത്തിലും പട്ടികജാതികാര്‍ക്ക് തന്ത്രി സ്ഥാനം കിട്ടിയിട്ടില്ല. തന്ത്രിയുടെ താഴെയുള്ള ശാന്തിക്കാരനായി ജോലി ചെയ്ത എന്നെയാണ് ജാതി പരസ്യമായതിനെ തുടര്‍ന്ന് പിരിച്ചു വിട്ടത്. സത്യത്തില്‍ വേദം പഠിച്ച മനുഷ്യന്‍ എന്ന പരിഗണന പോലും ചിലര്‍ നല്‍കുന്നില്ലെന്ന് ബിജുനാരായണ സ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."