മുഖ്യമന്ത്രീ, ആ വാഗ്ദാനങ്ങള്‍ എന്തിനായിരുന്നു?
ടി. മുഹമ്മദ് #
ച്ഛനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹൃദയം നിറക്കുന്ന മുത്തമാണ് ഈ കുരുന്നുകളുടെ മറുപടി. അച്ഛന്റെ ചിത്രത്തില്‍ കെട്ടിപ്പിടിച്ചു നൂറുമ്മകള്‍. എല്ലാത്തിനും അച്ഛനായിരുന്നു ആല്‍ബിന്റെയും അലന്റെയും കൂട്ട്. ദിവസവും കുളിയില്‍ തുടങ്ങുന്നതാണ് അവരുടെ അച്ഛനൊത്തുള്ള ആഘോഷങ്ങളും സന്തോഷങ്ങളും. അച്ഛന്‍ തന്നെ വേണം കുളിച്ചൊരുക്കാന്‍. അതു കഴിഞ്ഞ് പാട്ടുപാടിത്തരണം, കഥകള്‍ പറയണം. വൈകുന്നേരങ്ങളില്‍ നാട് ചുറ്റാനിറങ്ങണം.
നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാറെന്ന യുവാവിനെ ഡിവൈ.എസ്.പി കാറിനുമുന്നിലേക്കു പിടിച്ചുതള്ളിയിട്ടു കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന് ഒരു മാസം തികഞ്ഞിരിക്കുന്നു. പ്രിയഭര്‍ത്താവിനെ നഷ്ടപ്പെട്ട വേദന തിന്നുന്ന ഭാര്യയും, ഉണ്ടുറങ്ങാനും ഉണരാനും കളിച്ചുനടക്കാനും എന്നും കൂടെയുണ്ടായിരുന്ന തങ്ങളുടെ 'കളിക്കൂട്ടുകാരന്‍' അച്ഛന്‍ ജീവിതത്തില്‍നിന്നു മാഞ്ഞുപോയ സത്യം ഇനിയും തിരിച്ചറിയാനാകാത്ത കുരുന്നുകളും കേരളത്തിന്റെ നൊമ്പരക്കാഴ്ചയായിരുന്നു ഏറെനാള്‍. സംസ്ഥാനത്ത് വന്‍കോളിളക്കം സൃഷ്ടിച്ച സംഭവം പക്ഷെ ഒരു മാസം പിന്നിട്ടപ്പോഴേക്കും നാമെല്ലാവരും മറന്നു. പുതിയ വിഷയങ്ങളിലേക്കും വിവാദങ്ങളിലേക്കും മലയാളി കണ്‍പാര്‍ത്തു, അവയ്ക്കു പിറകെപ്പോയി. ഒറ്റദിവസം കൊണ്ടു തീര്‍ത്തും നിരാലംബരായിത്തീര്‍ന്ന ആ കുടുംബത്തെ നാം മറന്നു. അവര്‍ക്ക് ആശ്വാസവചനങ്ങളും സഹായവാഗ്ദാനങ്ങളുമായി വന്ന്, ഒന്നും പൂര്‍ത്തിയാക്കാതെ മുങ്ങിനടക്കുന്ന അധികാരികള്‍ക്കും ഭരണകൂടത്തിനും നമ്മുടെ വിസ്മൃതി ആശ്വാസവുമായി.
ഒടുവില്‍ നീതി നിഷേധിക്കപ്പെട്ട എല്ലാവരുടെയും വിധിയെന്ന പോലെ സനലിന്റെ ഭാര്യ വിജിയും മക്കള്‍ നാലര വയസുകാരന്‍ ആല്‍ബിനും മൂന്നു വയസുകാരന്‍ അലനും സെക്രട്ടേറിയറ്റ് പടിക്കലെത്തിയിരിക്കുന്നു. തങ്ങളുടെ എല്ലാമെല്ലാമായ അച്ഛന്, പ്രിയതമനു നീതിതേടി, അതുവഴി അതിജീവനത്തിനുള്ള വഴിതേടി. അങ്ങനെ സെക്രട്ടേറിയറ്റ് പരിസരത്ത് സമരമിരിക്കുന്ന, മനുഷ്യാവകാശ ലംഘനങ്ങളുടെയും നീതിനിഷേധത്തിന്റെയും ഇരകളുടെ പട്ടികയിലേക്ക് എത്ര പെട്ടെന്നാണ് നാം ഒരു കുടുംബത്തെ കൂടി വെയിലുകൊള്ളാന്‍ വിട്ടിരിക്കുന്നത്!
സംഭവത്തില്‍ കുറ്റാരോപിതനായ ഡിവൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത്, തന്നെ കാത്തിരുന്ന ശിക്ഷകളില്‍നിന്നും അപമാനങ്ങളില്‍നിന്നും ഒളിച്ചോടി ഇടയ്ക്ക്. എന്നാല്‍, കുറ്റാരോപിതന്റെ മരണത്തോടെ തീരുന്നതാണോ ഇരകള്‍ക്കു ന്യായമായും കിട്ടേണ്ട നീതി? അവരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ അതോടെ അവസാനിക്കുമോ? മനഃപ്പൂര്‍വവും അല്ലാത്തതുമായ നരഹത്യാകേസുകളില്‍ കുറ്റാരോപിതന്‍ മരണപ്പെട്ടാല്‍ ഇരയുടെ ഉറ്റവര്‍ക്കുലഭിക്കേണ്ട നീതി പൂര്‍ണമാകുന്നില്ലെന്ന പുനരാലോചനകള്‍ക്കുകൂടി അവസരമൊരുക്കിയാണ് വിജിയും കുടുംബവും സമരത്തിനു തുടക്കമിട്ടിരിക്കുന്നത്. ഡിവൈ.എസ്.പിയുടെ ആത്മഹത്യയോടുകൂടി, മാധ്യമവാര്‍ത്തകളില്‍നിന്നും പൊതുചര്‍ച്ചകളില്‍നിന്നും സനലിന്റെ കൊലപാതകം അപ്രത്യക്ഷമായിരിക്കുകയാണിപ്പോള്‍. അനാഥമാക്കപ്പെട്ട ഒരു കുടുംബം മുന്നോട്ടുള്ള ജീവിതം എങ്ങനെ കൊണ്ടുപോകുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയുമാണ് അതോടെ.
കടക്കെണിയില്‍
ജീവിതത്തോട് പൊരുതി
2013 ജനുവരി 28നായിരുന്നു സനലിന്റെയും വിജിയുടെയും വിവാഹം. പ്ലംബിങ് ജോലിയായിരുന്നു സനലിന്. കഷ്ടപ്പാടുകള്‍ക്കിടയിലും പ്രണയാര്‍ദ്രമായി, സസന്തോഷം ജീവിച്ച കൊച്ചുകുടുംബം. കല്യാണത്തിനുശേഷം വിജിയുടെ സഹോദരന്മാരും സനലിനൊപ്പം ജോലിക്കുകൂടി. അഞ്ചു വര്‍ഷത്തിനിടയില്‍ കുടുംബത്തില്‍ സന്തോഷവും ആഹ്ലാദവും ബഹളങ്ങളും നിറച്ചു രണ്ടു മക്കളെത്തി; ആല്‍ബിനും അലനും. അവര്‍ തരുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളാണു മൂകമായിക്കിടന്ന ആ വീടിനെ ജീവന്‍വയ്പ്പിച്ചത്. വൈകുന്നേരങ്ങളില്‍ അവരെക്കൂട്ടി ഒരുമിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുന്നതും അങ്ങനെ ഇടയ്ക്കിടെയുള്ള ശീലമായി.
ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം സനലിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു. ലക്ഷങ്ങളുടെ കടബാധ്യതയായിരുന്നു കാരണം. അതോടെ ആ കടം കൊടുത്തുവീട്ടേണ്ട ഉത്തരവാദിത്തവും സനലിനായി. വീടിന്റെ ലോണും അച്ഛന്‍ ബാക്കിവച്ചതുമൊക്കെയായി അപ്പോഴേക്കും 25 ലക്ഷത്തോളമായിരുന്നു സനലിനുണ്ടായിരുന്ന കടബാധ്യതകള്‍. പിതാവിന്റെ വഴിയെ ജീവിതത്തില്‍നിന്ന് ഒളിച്ചോടുന്നതിനെ കുറിച്ച് ആ യുവാവ് ചിന്തിച്ചതേയില്ല. ജീവിതത്തോട് ഏറ്റുമുട്ടി തന്നെ സന്തോഷത്തോടെ മുന്നോട്ടുപോകാനുള്ള വഴികള്‍ അയാള്‍ക്കുമുന്നില്‍ തെളിഞ്ഞിരുന്നു.
ദിവസവും പ്ലംബിങ് പണിക്കുപോയി കിട്ടുന്ന തുകയുടെ ഒരു വിഹിതം കടംവീട്ടാനായി മാറ്റിവയ്ക്കും. ബാക്കി തുകകൊണ്ട് ഓണം പോലെ ജീവിതം അടിച്ചുപൊളിക്കും; മക്കള്‍ക്കും ഭാര്യയ്ക്കും ഒട്ടും കുറച്ചില്‍ വരുത്താതെ. അങ്ങനെ ബാധ്യതകളില്‍നിന്ന് ഒരുഭാഗത്ത് പതുക്കെ രക്ഷപ്പെടാന്‍ ശ്രമിച്ചുവരുന്നതിനിടയ്ക്കാണു നിനച്ചിരിക്കാതെ ആ ദുരന്തമെത്തിയത്.
മരണത്തിലേക്കുള്ള വിളി
2018 നവംബര്‍ അഞ്ച്. അതൊരു തിങ്കളാഴ്ചയായിരുന്നു. വൈകിട്ടു പണി കഴിഞ്ഞു വീട്ടിലെത്തിയതായിരുന്നു സനല്‍. ഭക്ഷണം പുറത്തുനിന്നു കഴിക്കാമെന്നു പറഞ്ഞു വിജിയോട്. അങ്ങനെ കുട്ടികളെ ഒരുക്കുന്നതിനിടയിലാണ് സനലിനെ തേടി ഒരു വിളിയെത്തിയത്. മരണത്തിലേക്കുള്ള വിളിയായിരുന്നു അതെന്ന് സനലല്ല, ആരും വിചാരിച്ചില്ല. അടുത്ത ഒരു സുഹൃത്തിന്റേതാണു വിളി; വീട്ടില്‍ പൈപ്പ് പൊട്ടിയെന്നു പറഞ്ഞ്. അത്യാവശ്യമാണെന്നും പറഞ്ഞു. ഇതോടെ ഭക്ഷണം പുറത്തുനിന്നു കഴിക്കാനുള്ള തീരുമാനം മാറ്റി. പുറത്തുപോക്ക് നാളെയാക്കാമെന്നും ഭക്ഷണം അച്ഛന്‍ വാങ്ങിവരാമെന്നും മക്കള്‍ക്കു വാക്കുനല്‍കി സനല്‍ വാഹനമെടുത്തിറങ്ങി.
സുഹൃത്തിന്റെ വീട്ടിലെത്തി പൈപ്പ് നന്നാക്കിയ ശേഷം നെയ്യാറ്റിന്‍കര കൊടങ്ങാവിള ജങ്ഷനിലെത്തിയ സനല്‍ ഭക്ഷണം വാങ്ങാനായി സമീപത്തെ തട്ടുകടയില്‍ കയറി. തട്ടുകടയ്ക്ക് എതിര്‍വശത്തായിട്ടായിരുന്നു കാര്‍ പാര്‍ക്ക് ചെയ്തത്. ഇതിനിടെ അങ്ങോട്ടു കയറിവന്ന ഡിവൈ.എസ്.പി ഹരികുമാര്‍ തന്റെ വാഹനത്തിനു തടസം സൃഷ്ടിച്ച് കാര്‍ നിറുത്തിയെന്നു പറഞ്ഞ് ആക്രോശിച്ചു. ഇതുകേട്ട് അങ്ങോട്ട് കയറിവന്ന സനല്‍ തിരിച്ചും തട്ടിക്കയറി. യൂനിഫോമിലല്ലാതിരുന്നതിനാല്‍ ഡിവൈ.എസ്.പിയെ സനല്‍ തിരിച്ചറിഞ്ഞിരുന്നില്ല. തിരിച്ചുകയര്‍ത്തതോടെ സനലിനെ മര്‍ദിച്ച ഡിവൈ.എസ്.പി കാര്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാഹനം മാറ്റിയിട്ടു പുറത്തിറങ്ങിയ സനലിനെ ഹരികുമാര്‍ റോഡിലേക്കു പിടിച്ചുതള്ളിയതും അതുവഴി ഒരു കാര്‍ പാഞ്ഞെത്തിയതും ഒരുമിച്ച്.
ഗുരുതരമായി പരുക്കേറ്റ് ഒരു മണിക്കൂറോളം റോഡില്‍ കിടന്ന ശേഷമാണ് സനലിനെ ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പൊലിസിനെതിരേ ഗുരുതര ആരോപണമുയര്‍ന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത രോഗിയുമായി പൊലിസ് നേരെ പോയത് നെയ്യാറ്റിന്‍കര പൊലിസ് സ്റ്റേഷനിലേക്ക്. ആംബുലന്‍സിലുണ്ടായിരുന്ന പൊലിസുകാരന് ഡ്യൂട്ടി മാറാനായിരുന്നുവത്രെ ഇത്! വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആംബുലന്‍സ് എത്തുമ്പോഴേക്കും സനല്‍ മരിച്ചിരുന്നു.
തലയ്‌ക്കേറ്റ ക്ഷതമാണു മരണത്തിനു കാരണമായതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ മദ്യത്തിനു സമാനമായ ഗന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ട് വന്നു. എന്നാല്‍, ആമാശയത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായതുമില്ല. അതിനിടെ, സനലിനെ പൊലിസ് നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചെന്നും ദേഹത്ത് മദ്യം ഒഴിച്ചെന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നു.
രാത്രി എട്ടരവരെ വിജിയും സനലും ഫോണില്‍ സംസാരിച്ചിരുന്നു. ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ കയറുന്നതുവരെ. ഏകദേശം പത്തുമണിയായിട്ടും സനലിനെ കാണാതായതോടെ വിജി നമ്പറില്‍ വിളിച്ചു. പക്ഷെ, ഫോണ്‍ റിങ് ചെയ്‌തെങ്കിലും അറ്റന്‍ഡ് ചെയ്തില്ല. അതോടെ ആധിയും ആശങ്കയുമായി. അധികം വൈകാതെ അയല്‍പക്കത്തുള്ള ഒരു സ്ത്രീ ഓടിക്കിതച്ചെത്തി സനല്‍ അപകടത്തില്‍പെട്ട വിവരം വിജിയോടു പറഞ്ഞു. സംഭവം നടക്കുമ്പോള്‍ അവര്‍ സ്ഥലത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് വിജിയുടെ അച്ഛനും സഹോദരങ്ങളും വേഗം ജനറല്‍ ആശുപത്രിയിലെത്തി. അപ്പോഴേക്കും സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു.
ഡിവൈ.എസ്.പിയുടെ
ഒളിച്ചോട്ടം
സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നുകളഞ്ഞ ഡിവൈ.എസ്.പി ഹരികുമാര്‍ അപകടം എസ്.ഐയെ വിളിച്ചറിയിക്കുകയായിരുന്നു ചെയ്തത്. പാറാവുകാരനായ പൊലിസുകാരനൊപ്പമാണ് എസ്.ഐ അപകടസ്ഥലത്തെത്തിയത്. അപകടശേഷം ഹരികുമാര്‍ റൂറല്‍ എസ്.പി അശോക് കുമാറിനെയും വിളിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്റെ ഗൗരവം റൂറല്‍ എസ്.പി മനസിലാക്കിയില്ലെന്നു മാത്രമല്ല വിഷയത്തില്‍ കൃത്യമായ നടപടിയുമെടുത്തില്ല. അപകടശേഷം ഏതാണ്ട് ഒരു മണിക്കൂറോളം ഹരികുമാറിന്റെ ഔദ്യോഗിക മൊബൈല്‍ സജീവമായിരുന്നു. പിറ്റേദിവസം ഉപയോഗിച്ചത് സ്വകാര്യ മൊബൈല്‍ ഫോണാണ്. രണ്ടും ട്രേസ് ചെയ്യാന്‍ പൊലിസിനായില്ല.
അന്വേഷണം തുടക്കത്തില്‍ മന്ദഗതിയിലായിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റുപിടിച്ചു. നാടൊട്ടുക്കും പ്രതിഷേധം. ഒടുവില്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന് കൈമാറി. ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 13ന് സംഭവസ്ഥലത്ത് വിജിയും സനലിന്റെ സഹോദരിയും നിരാഹാര സമരം തുടങ്ങി. പിന്തുണയുമായി നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തി.
സമരം തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുന്നതിനിടയ്ക്കാണ് ആ വാര്‍ത്തയെത്തിയത്. ഡിവൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ സ്വന്തം വീടിനു പിറകിലെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഒളിവിലാണെന്ന സംശയത്തില്‍ പൊലിസ് തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു ഇത്. വളര്‍ത്തുനായയ്ക്കു ഭക്ഷണം നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണ് മൃതദേഹം രാവിലെ കണ്ടത്.
സുഹൃത്തായ ബിനുവിനൊപ്പം മധുര, മൈസൂര്‍, കോയമ്പത്തൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷം ഹരികുമാര്‍ കീഴടങ്ങാനായി നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ഹരികുമാറിനെ ചൊവ്വാഴ്ച കല്ലമ്പലത്തെ വീട്ടിലെത്തിച്ചശേഷം ബിനു നെയ്യാറ്റിന്‍കരയിലേക്കു പോയി. ഡിവൈ.എസ്.പി ആത്മഹത്യ ചെയ്തതോടെ സംഭവത്തില്‍ കൂട്ടുപ്രതിയായ ബിനു കീഴടങ്ങുകയും ചെയ്തു.
ജപ്തിഭീഷണിയില്‍;
പാഴായ വാഗ്ദാനങ്ങള്‍
ഇതിനിടയില്‍ സനലിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ഡി.ജി.പി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ മന്ത്രിമാരായ കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ജോലിയും നഷ്ടപരിഹാരവും ഉറപ്പുനല്‍കി. എന്നാല്‍, ഡിവൈ.എസ്.പിയുടെ മരണത്തോടെ എല്ലാ ബഹളവും നിലച്ചു. ആള്‍ക്കൂട്ടം അവരുടെ വഴിക്കു പിരിഞ്ഞുപോയി. സംഭവത്തിനുശേഷം ഒരുമാസം പിന്നിടുമ്പോള്‍ ഉറപ്പുകളെല്ലാം പാഴ്‌വാക്കുകളായത് നിസഹായതയോടെ നോക്കിനില്‍ക്കാന്‍ മാത്രമേ വിജിക്കും കുടുംബത്തിനുമായതുള്ളൂ. സാധാരണ സമാനസംഭവങ്ങളില്‍ അടിയന്തര സഹായമായി അനുവദിക്കാറുള്ള പതിനായിരം രൂപ പോലും ഇവര്‍ക്കു ലഭിച്ചിട്ടില്ല.
അങ്ങനെയാണു ദിവസങ്ങള്‍ക്കുമുന്‍പ് നേരില്‍ക്കണ്ടു സങ്കടം പറയാന്‍ വിജിയും മക്കളും സനലിന്റെ അമ്മയും മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയത്. രാവിലെ എട്ടരയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ അവര്‍ക്ക് കാണാന്‍ അവസരം ലഭിച്ചത് രാത്രി ഏഴു മണിക്ക് ! ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന സ്ഥിതിയിലേക്കാണു ജീവിതാവസ്ഥയുടെ പോക്കെന്ന് വിജിയും സനലിന്റെ അമ്മയും പറയുന്നു. 25 ലക്ഷത്തിന്റെ കടബാധ്യതയുള്ള ഈ കുടുംബം ഇപ്പോള്‍ ജപ്തിഭീഷണി കൂടി നേരിടുന്നു. അങ്ങനെയാണ് സെക്രട്ടേറിയറ്റിനുമുന്നില്‍ സമരമാരംഭിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
സമരപ്പന്തലില്‍ വിജിക്കും മക്കള്‍ക്കുമൊപ്പം സനലിന്റെ അമ്മ രമണിയുമുണ്ട്. ബന്ധുക്കള്‍ക്കു പുറമെ പിന്തുണയറിയിച്ചു വിവിധ സംഘടനകളും ഇപ്പോള്‍ എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ തുടങ്ങിയ നേതാക്കളുമെത്തി. രാവിലെ സമരത്തിനെത്തി വൈകുന്നേരം വീട്ടിലേക്കു മടങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ജ്യേഷ്ഠനെ മര്‍ദിച്ചു കൊലപ്പെടുത്തിയ പൊലിസുകാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തിലധികമായി സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തും ഭൂമിക്കുവേണ്ടി കുടില്‍കെട്ടി സമരം ചെയ്യുന്ന മുത്തങ്ങ ഭൂസമര സമിതിയും, വാര്‍ത്തകളില്‍ ഇടംപിടിക്കാതെ നീറുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന മറ്റ് അനേകംപേരും ഇവരുടെ സമീപത്തുതന്നെ സമരനിരയിലുണ്ട്. നീതിനിഷേധത്തിന്റെ അനുഭവങ്ങളാണ് ഇവര്‍ക്കൊക്കെയും പങ്കുവയ്ക്കാനുള്ളത്. ആല്‍ബിനും അലനും അവരുടെ അമ്മയും സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തുന്ന ഈ സമരം എങ്ങനെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും? നീതിക്കായി അവര്‍ എത്രകാലം കാത്തിരിക്കേണ്ടിവരും? മറുപടി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാറെന്ന യുവാവിനെ ഡിവൈ.എസ്.പി കാറിനുമുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന് ഒരു മാസം തികഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം എല്ലാവരും എത്ര പെട്ടെന്നാണു മറന്നത്. സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലിയും മറ്റു നഷ്ടപരിഹാരങ്ങളുമെല്ലാം വാഗ്ദാനം ചെയ്തിരുന്നു സംസ്ഥാന സര്‍ക്കാര്‍. എല്ലാവരും മറന്നവഴിക്കു സര്‍ക്കാരും അക്കാര്യം പതിയെ വിസ്മരിച്ചു. ഒടുവില്‍ വിജിയും മക്കളും നീതിതേടി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമാരംഭിച്ചിരിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."