ടൂര്‍ ഓഫ് നീലഗിരി: 950ലേറെ കിലോമീറ്ററുകള്‍ താണ്ടി 110 സൈക്കിള്‍ യാത്രികര്‍
കല്‍പ്പറ്റ: യാത്രക്കും വിനോദത്തിനും സാമൂഹിക മാറ്റത്തിനും സൈക്ലിങ് ജനപ്രിയമാക്കി മാറ്റുക എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന്റെ നീലഗിരി ടൂര്‍ 840ലേറെ കിലോമീറ്റര്‍ താണ്ടി കല്‍പ്പറ്റയിലെത്തി. 110 സൈക്കിള്‍ യാത്രികരടങ്ങുന്ന സംഘം പശ്ചിമഘട്ടത്തെ നീലഗിരി ജൈവവൈവിധ്യ മേഖലയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 950ലേറെ കിലോമീറ്ററാണ് സഞ്ചരിക്കുന്നത്.
ഇന്ന് പുല്‍പ്പള്ളി, പയ്യമ്പള്ളി, എച്ച്.ഡികോട്ട വഴി 133 കിലോമീറ്റര്‍ കൂടി സഞ്ചരിക്കുന്ന സംഘം മൈസൂരില്‍ തിരിച്ചെത്തി യാത്ര അവസാനിപ്പിക്കും. മൈസൂരില്‍ നിന്ന് കഴിഞ്ഞ ഒന്‍പതിന് ആരംഭിച്ച 11ാമത് സൈക്ലിങ് ടൂര്‍ പൈക്കര, ഗൂഡല്ലൂര്‍, നടുവട്ടം വഴിയാണ് കല്‍പ്പറ്റയിലെത്തിയത്. 14 രാജ്യങ്ങളില്‍നിന്നായി 110 സൈക്ലിസ്റ്റുകളാണ് സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീലഗിരി ടൂറില്‍ പങ്കെടുക്കുന്നത്. ഇതില്‍ 29 വിദേശികളാണ്. 18 പേര്‍ സ്ത്രീകളും.
നേരത്തെ ബംഗളൂരുവില്‍ നിന്നായിരുന്നു നീലഗിരി ടൂറില്‍ പ്രധാന പങ്കാളിത്തം. ഇത്തവണ ഏറ്റവും കൂടുതല്‍ സൈക്ലിസ്റ്റുകള്‍ മുംബൈയില്‍ നിന്നാണ്. 27 പേര്‍. ബംഗളൂരുവില്‍നിന്ന് 20, പൂനെ-10, ഇന്‍ഡോര്‍-6 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍നിന്നുള്ള പങ്കാളിത്തം. ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് മൂന്നു പേര്‍ വീതവും ഗോവയില്‍നിന്ന് രണ്ടു പേരും ഓരോ പേര്‍ വീതം അഹമ്മദാബാദ്, ചണ്ഡീഗഡ്, ജയ്പൂര്‍, കൊല്‍ക്കത്ത, ഡല്‍ഹി, വെല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നും പങ്കെടുക്കുന്നുണ്ട്. വിദേശികളില്‍ ഏഴു പേര്‍ ഡെന്‍മാര്‍ക്കില്‍ നിന്നാണ്. അഞ്ചു പേര്‍ യു.എസില്‍നിന്നും മൂന്നു പേര്‍ ബ്രിട്ടനില്‍നിന്നും രണ്ടു പേര്‍ വീതം ആസ്‌ത്രേലിയ, ബെല്‍ജിയം, കാനഡ, ജര്‍മനി എന്നിവിടങ്ങളില്‍നിന്നും മലേഷ്യ, ഫിലിപ്പൈന്‍, പോളണ്ട്, നെതര്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ അംഗങ്ങളുമുണ്ട് ടൂറില്‍.
സൈക്കിള്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ സമൂഹത്തെ ബോധവല്‍കരിച്ച് പഴയകാല പ്രതാപം തിരിച്ചുകൊണ്ടുവരുകയാണ് ഉദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."