ഹര്‍ത്താലിനെ നേരിടാനൊരുങ്ങി വ്യാപാരികള്‍
തിരുവനന്തപുരം: ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്കെതിരേ വ്യാപാരികള്‍ രംഗത്ത്. ശബരിമല വിഷയത്തില്‍ത്തന്നെ സംസ്ഥാന -പ്രാദേശിക ഹര്‍ത്താലുകളടക്കം ആറോളം ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യാപാരികള്‍ ഹര്‍ത്താലിനെ നേരിടാനൊരുങ്ങുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകളെ നേരിടാന്‍ ഒറ്റക്കെട്ടായി തിരുവനന്തപുരം ചാലക്കമ്പോളത്തിലെ വ്യാപാരികളും രംഗത്തെത്തി. കോഴിക്കോട് മിഠായി തെരുവില്‍ വ്യാപാരികള്‍ സംഘടിച്ച് ഹര്‍ത്താലിനെ നേരിടാന്‍ തുടങ്ങിയതിനു സമാനമായാണ് ചാലയിലും വ്യാപാരികള്‍ സംഘടിച്ചിരിക്കുന്നത്. വ്യാപാരമേഖലയെ തകര്‍ക്കുന്ന തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്കെതിരേ ഇന്നലെ വ്യാപാരിവ്യവസായ സമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ചും നടത്തി. കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ ഹര്‍ത്താലിനെത്തുടര്‍ന്ന് ചീഞ്ഞുപോയ പഴങ്ങളും പച്ചക്കറികളുമായാണ് വ്യാപാരികള്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.
ഹര്‍ത്താലുകളും, സമരമുറകളും കേരളത്തിലെ വ്യാപാര-വ്യവസായ മേഖലകളുടെ തകര്‍ച്ചക്കു കാരണമാകുന്നു. ഇതു കാരണം ഭീമമായ സാമ്പത്തിക നഷ്ടമാണ് വ്യാപാര-വ്യവസായ മേഖലകള്‍ക്കും സര്‍ക്കാര്‍ ഖജനാവിനുമുണ്ടാക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലുള്ള ജനശ്രദ്ധ ആകര്‍ഷിക്കുന്ന വ്യത്യസ്തങ്ങളായ സമര രീതികള്‍ തിരഞ്ഞെടുക്കുവാന്‍ എല്ലാ പ്രസ്ഥാനങ്ങളും തയാറാവണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ഹര്‍ത്താലുകളില്‍ കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും ഗൗരവകരമായ കാരണങ്ങളാല്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളോടു മാത്രം സഹകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഹര്‍ത്താലുകളില്‍ പ്രതിഷേധിച്ചു കേരളത്തിലെ മുഴുവന്‍ വ്യാപാര-വ്യവസായ മേഖലകളിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളുടേയും സംയുക്ത യോഗം 20ന് ഉച്ചയ്ക്ക് രണ്ടിനു കോഴിക്കോട് വ്യാപാരഭവനില്‍ നടക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."