രാത്രി നടത്തം: ഏറ്റവും കൂടുതല്‍ പേര്‍ നടന്നത് തൃശൂരില്‍
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നു വരെ 'പൊതു ഇടം എന്റേതും' എന്ന പേരില്‍ സംഘടിപ്പിച്ച രാത്രി നടത്തം ജനങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ വിജയമായി.
സ്ത്രീകള്‍ നിര്‍ഭയമായി അര്‍ധരാത്രിയില്‍ സഞ്ചരിച്ചപ്പോള്‍ അവര്‍ക്ക് എല്ലാവിധ പിന്തുണയുമായി പുരുഷന്‍മാരും വിവിധ യുവജന സംഘടനകളും സന്നദ്ധ സംഘടനകളും രംഗത്തെത്തി.
രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയും മാറ്റിയെടുക്കുക, ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 'സധൈര്യം മുന്നോട്ട്' എന്ന പരിപാടിയുടെ ഭാഗമായി രാത്രി നടത്തം കാംപയിന്‍ സംഘടിപ്പിച്ചത്.
ആഴ്ച തോറും രാത്രി നടത്തം സംഘടിപ്പിക്കുമെന്നും ഇനി അറിയിക്കാതെയും രാത്രി നടത്തം സംഘടിപ്പിക്കുമെന്നും ഇത് വന്‍ വിജയമാക്കിയ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറയുന്നതായും മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 8,000ത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം നടന്ന രാത്രി നടത്തത്തില്‍ പങ്കെടുത്തത്. 250 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. തൃശൂരിലാണ് ഏറ്റവും അധികം പേര്‍ നടന്നത്.
47 സ്ഥലങ്ങളിലായി 1020 സ്ത്രീകളാണ് തൃശൂരില്‍ നടന്നത്. തിരുവനന്തപുരത്ത് 22 സ്ഥലങ്ങളിലായി 946, എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856, കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസര്‍ഗോഡ് 9 സ്ഥലങ്ങളിലായി 655, ആലപ്പുഴയില്‍ 23 സ്ഥലങ്ങളിലായി 576, കണ്ണൂരില്‍ 15 സ്ഥലങ്ങളിലായി 512 എന്നിങ്ങനെയാണ് സ്ത്രീകള്‍ രാത്രി നടന്നത്. ബാക്കി ജില്ലകളില്‍ 500ന് താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തമുണ്ടായത്.
രാത്രി നടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളെ ശല്യപ്പെടുത്തിയത് 5 പേര്‍ മാത്രമാണ്. അതില്‍ തന്നെ കേസെടുക്കേണ്ടി വന്നത് രണ്ടെണ്ണത്തില്‍ മാത്രം. കോട്ടയത്ത് മൂന്നും കാസര്‍കോട് രണ്ടും തിരുവനന്തപുരത്ത് ഒന്നും സംഭവങ്ങളാണ് ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ അകലം പാലിച്ച് നടന്നു പോയ സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ആളെയാണ് പിടികൂടിയത്. കൈയ്യിലുണ്ടായിരുന്ന വിസില്‍ ഊതിയതോടെ എല്ലാവരും ഓടിയെത്തി ഇയാളെ പിടികൂടി പൊലിസിലേല്‍പ്പിച്ചു.
കാസര്‍കോട് പുറകേ നടന്ന് ശല്യം ചെയ്തയാളേയും പിടികൂടി പൊലിസിലേല്‍പ്പിച്ചു. ഈ രണ്ട് സംഭവത്തിലുമാണ് കേസെടുത്തത്. കാസര്‍കോട് ഒരാള്‍ കാറില്‍ ചേസ് ചെയ്യുകയും കോട്ടയത്ത് ശല്യപ്പെടുത്താനുള്ള ശ്രമവുമാണ് നടന്നത്.
ഗവര്‍ണറെ ആക്രമിക്കാന്‍
ശ്രമിച്ചില്ല: ഇര്‍ഫാന്‍ ഹബീബ്
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്.
ശനിയാഴ്ച കണ്ണൂര്‍ സര്‍വകലാശാല താവക്കര കാംപസിലെ വേദിയില്‍ നടന്ന സംഭവം എല്ലാവരും കണ്ടതാണ്. എണ്‍പത്തിയെട്ടുകാരനായ തനിക്കു ഗവര്‍ണറുടെ നാല്‍പതുകാരനായ സുരക്ഷാചുമതലയുള്ള എ.ഡി.സിയെ ആക്രമിക്കാന്‍ കഴിയില്ല. യാതൊരു പ്രോട്ടോകോള്‍ ലംഘനവും ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങില്‍ നടന്നിട്ടില്ല. ഇതിനുമുമ്പ് ഹിസ്റ്ററി കോണ്‍ഗ്രസില്‍ രാഷ്ട്രപതി പങ്കെടുത്തിട്ടുണ്ട്.
രാഷ്ട്രപതിക്കു താഴെയുള്ളയാളാണല്ലോ ഗവര്‍ണര്‍.
രാഷ്ട്രപതിക്കില്ലാത്ത എന്തു പ്രോട്ടോകോളാണു ഗവര്‍ണര്‍ക്കുള്ളത്.
ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ അബ്ദുല്‍കലാം ആസാദിനെ തെറ്റായാണ് ഉദ്ധരിച്ചത്. ഇതേതുടര്‍ന്നാണു ഗവര്‍ണറുടെ പ്രസംഗത്തില്‍ ഇടപെട്ടത്. അലിഗഢ് സര്‍വകലാശാലയിലെ തന്റെ പദവി എടുത്തുകളയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ ഗൗരവമായി കാണുന്നില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായി പോരാടും.
ഇതിന്റെ പേരില്‍ തനിക്കു സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരം തിരിച്ചെടുത്താലും പ്രശ്‌നമില്ല.
തന്നെ ക്രമിനലായി പ്രചരിപ്പിച്ചാലും സ്ഥാനങ്ങള്‍ നീക്കിയാലും താന്‍ പിന്‍മാറില്ലെന്നും ഇര്‍ഫാന്‍ ഹബീബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."