ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നതിനുള്ള റഫറന്‍സ് ഡേറ്റ് കലണ്ടറില്‍ നിന്ന് മുസ്‌ലിം ആഘോഷങ്ങളെ ഒഴിവാക്കി
ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നതിനുള്ള റഫറന്‍സ് ഡേറ്റ് കലണ്ടറില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുസ്‌ലിം ആഘോഷങ്ങളെ ഒഴിവാക്കി.
രജിസ്റ്റര്‍ തയാറാക്കുന്നവര്‍ യഥാര്‍ഥ ജനനത്തിയതി അറിയാത്തവരോട് ഏതെങ്കിലും ആഘോഷത്തിന് മുന്‍പാണോ ശേഷമാണോ ജനിച്ചതെന്ന് ചോദിക്കും. ഇതിനായുള്ള ആഘോഷങ്ങളുടെ ലിസ്റ്റില്‍ നിന്നാണ് മുസ്‌ലിം ആഘോഷങ്ങള്‍ ഒഴിവാക്കിയത്.
പകരം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ മതാഘോഷങ്ങള്‍ മാത്രമാണ് റഫറന്‍സായി ചോദിക്കുക. പൗരത്വപ്പട്ടികയ്ക്കു മുന്നോടിയായുള്ള നടപടിയാണ് ജനസംഖ്യാ രജിസ്റ്റര്‍. ഇതിലെ വിവരങ്ങളാണ് പൗരത്വപ്പട്ടികയ്ക്കുള്ള അടിസ്ഥാന രേഖയായി ഉപയോഗിക്കുക.
ജനസംഖ്യാ രജിസ്റ്ററില്‍ ജനനത്തിയതി രേഖപ്പെടുത്തുന്നത് സുപ്രധാന നടപടിയാണെന്നാണ് എന്യൂമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള മാനുവലിലെ നിര്‍ദേശങ്ങളില്‍ പറയുന്നത്. ഒരു വ്യക്തിക്ക് തന്റെ ജനനവര്‍ഷം മാത്രമാണ് അറിയുകയെങ്കില്‍ മാസം കണ്ടെത്താന്‍ ജനിച്ചത് മഴക്കാലത്താണോ അല്ലയോ എന്ന ചോദിക്കണം.
മഴക്കാലത്തിന് മുന്‍പാണ് എന്നു പറഞ്ഞാല്‍ ഏതെങ്കിലും ആഘോഷത്തിനു മുന്‍പാണോ ശേഷമാണോ എന്ന് ചോദിക്കും. പുതുവര്‍ഷം, ഗുരുഗോബിന്ദ് സിങ് ജയന്തി, മകര സംക്രാന്തി, പൊങ്കല്‍, റിപ്പബ്ലിക് ഡേ, ബസന്ത് പഞ്ചമി, മഹാഋഷി ദയാനന്ത് സരസ്വതി ജയന്തി, ശിവരാത്രി, ഹോളി, ഗുഡി പട്‌വ, രാംനവമി, വൈശാഖി, ബിഹു, മഹാബീര്‍ ജയന്തി, ദുഃഖവെള്ളി, ബുദ്ധപൂര്‍ണിമ എന്നിവയാണ് ചോദിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ജനിച്ചത് മഴക്കാലത്തിനു ശേഷമാണെങ്കില്‍ നാഗപഞ്ചമി, ജന്‍മാഷ്ടമി, രക്ഷാബന്ധന്‍, സ്വാതന്ത്ര്യദിനം, ഗണേശ ചതുര്‍ത്ഥി, ഓണം, ദസറ, ഗാന്ധി ജയന്തി, ദീപാവലി, ഭായ്ദുജ്, വാല്‍മീകി ജയന്തി, ഛാട്ട് പൂജ, ഗുരുനാനാക് ജയന്തി, അയ്യപ്പ ഫെസ്റ്റിവല്‍, ക്രിസ്മസ് എന്നിവയും ചോദിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ലിസ്റ്റില്‍ 30 ആഘോഷങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതില്‍ ഒരു മുസ്‌ലിം ആഘോഷം പോലും ഇല്ല.
2011ല്‍ സെന്‍സസിന് ഉപയോഗിച്ച ചോദ്യാവലി തന്നെയാണ് ഇത്തവണയും ഉപയോഗിക്കുന്നതെന്നും ഇതിനായി പ്രത്യേക ചോദ്യാവലി ഉണ്ടാക്കിയിട്ടില്ലെന്നുമാണ് ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
2011ലെ ചോദ്യാവലിയിലും മുസ്‌ലിം ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."