പൊതുജന പങ്കാളിത്തത്തോടെ പൊന്നാനിയില്‍ പുതിയ ടൂറിസം പദ്ധതി വരുന്നു
പൊന്നാനി: പൊതുജന പങ്കാളിത്തത്തോടെ പൊന്നാനിയില്‍ സമഗ്ര ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊന്നാനിയുടെ സംഗീതം, പാരമ്പര്യം, രുചിക്കൂട്ട്, പൈതൃകം എന്നിവയെ ഉള്‍പ്പെടുത്തിയാണ് പദ്ധതി വരുന്നത്. ഇതിന്റെ ഭാഗമായുള്ള ഉന്നതതല കൂടിയാലോചനാ യോഗം ശനിയാഴ്ച സ്പീക്കറുടെ അധ്യക്ഷതയില്‍ പൊന്നാനിയില്‍ ചേര്‍ന്നു. പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. രണ്ട് ആലോചനാ യോഗങ്ങളാണ് ഇതുവരെ നടന്നത്. പൊന്നാനിയുടെ സാംസ്‌കാരിക ചരിത്ര പൈതൃകവും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും പരമാവധി ജനകീയ പങ്കാളിത്തത്തോടെയും അവരുടെ സംരംഭങ്ങളെയും വിപുലപ്പെടുത്തി വിവിധ അഭിരുചിയുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് ഈ പദ്ധതി. പൊന്നാനി തുറമുഖം,നദി, പുഴ കായല്‍,പുഞ്ചകോള്‍ നിലങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട മത്സ്യബഡനം, സംസ്‌കരണം. വിപണനം, വിവിധ മത്സ്യ വിഭവങ്ങള്‍ എന്നിവ ഇതിലൂടെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തും. കോള്‍മേഖലയിലെ കൃഷി രീതികള്‍, ജൈവ വൈവിധ്യം എന്നിവയും പരിചയപ്പെടുത്തും.
പൊന്നാനിയിലെ ഖവാലി സംഗീതം, സൂഫി സംഗീതം, ഗസല്‍, പാട്ടുകാര്‍, വിവിധ ക്ലബുകള്‍, തട്ടിന്‍പുറത്തെ സംഗീത കൂട്ടായ്മകള്‍ എന്നിവയുടെ പുനരുജ്ജീവനവും ടൂറിസത്തിന്റെ ഭാഗമായുണ്ട്. നിരവധി സംഗീത ക്ലബുകള്‍ പൊന്നാനിയില്‍ ഉണ്ടായിരുന്നു. ഇവയെ പുനരുജ്ജീവിപ്പിക്കും. കളിമണ്‍പാത്ര നിര്‍മാണം, വിപണനം, മുള കൊണ്ടുള്ള ഉല്‍പന്നങ്ങള്‍, കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനം എന്നിവയ്ക്കായി ക്രാഫ്റ്റ് വില്ലേജ് രൂപത്തിലോ അതാത് ഇടങ്ങളില്‍ പോയി പഠിക്കാനോ കഴിയുന്ന രൂപത്തിലോ സംവിധാനമൊരുക്കും.വാസ്തു കലകളാല്‍ സമ്പന്നമായ പൊന്നാനിയിലെ പഴയ തറവാടുകള്‍ കേന്ദ്രീകരിച്ച് സഞ്ചാരികള്‍ക്ക് താമസിക്കാനും പൊന്നാനിയിലെ രുചിക്കൂട്ടുകള്‍ ആസ്വദിക്കാനും പഠിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പൊന്നാനിയുടെ പഴമയും പൈതൃകവും മുസരിസ് മാതൃകയില്‍ സംരക്ഷിക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡലംതലത്തില്‍ കാംപയിനുകള്‍ ,പദ്ധതി പ്രസന്റേഷന്‍, ടൂറിസം ഗ്രാമസഭകള്‍, എന്നിവയിലൂടെയും ജനപങ്കാളിത്തം ഉറപ്പാക്കും. യോഗത്തില്‍ സ്പീക്കര്‍ക്കു പുറമെ ജനകീയ പങ്കാളിത്ത ടൂറിസത്തിന്റെ കോ ഡിനേറ്റര്‍ രൂപേഷ്,മലപ്പുറം ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."