നിലമ്പൂര്‍ ജില്ലാ ആശുപത്രിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക്
നിലമ്പൂര്‍: ജില്ലാ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്നതിനായുള്ള പദ്ധതി തയാറാക്കുന്നു. ഇതിന്റെ ഭാഗമായി രൂപരേഖ തയാറാക്കുന്നതിനു പി.വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എച്ച്.എം.സി അംഗങ്ങളായ കെ.ടി കുഞ്ഞാന്, മുജീബ് ദേവശ്ശേരി, ഇസ്മാഈല്‍ എരഞ്ഞിക്കല്‍, ആശുപത്രി സുപ്രണ്ട് ഡോ. സി. ഹമീദ്, നഴിസിങ് സുപ്രണ്ട് എം. നളിനി, എല്‍.എസ് വിജയകുമാര്‍, മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്ന കെല്ലിന്റെ ഹെല്കെയര് കണ്‍സള്‍ട്ടന്റ് കെ.സി സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. ആശുപത്രിയുടെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടു തയാറാക്കുന്ന രൂപരേഖയില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രി നിലവാരം ഉയര്‍ത്തുന്നതിനായി 100 കോടി രൂപ കിഫ്ബി വഴി ചെലവഴിക്കുന്നതിനു സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
നിലവിലെ കെട്ടിട സൗകര്യങ്ങള്‍ ഉപയോഗിച്ചും പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചും ആധുനിക സംവിധാനങ്ങളോടെ ആശുപത്രിയുടെ എല്ലാ വിഭാഗങ്ങളും തയാറാക്കുകയാണ് ലക്ഷ്യമിടുന്നത്. വാട്ടര്ട്രീറ്റ് മെന്റ് പ്ലാന്റ് , ജലസംഭരണി, പാര്‍ക്കിങ്, തുടങ്ങിയവയും പദ്ധതിയിലുള്‍പ്പെടുത്തും. ഇതിനായുള്ള ഡി.പി.ആര് ഒരു മാസത്തിനുള്ളില്‍ കെല്ലിന്റെ നേതൃത്വത്തില്‍ തയാറാക്കി സമര്‍പ്പിക്കും. 500 കിടക്കകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല സൗകര്യങ്ങളാണ് ജില്ലാ ആശുപത്രിയില്‍ ഈ പദ്ധതി പ്രകാരം വിഭാവനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."